Leela- poster – resembling LDF tag line released

തിരുവനന്തപുരം: ചലച്ചിത്ര നിര്‍മ്മാതാക്കളുടെ വിലക്കും ഭീഷണിയും മറികടന്ന് ‘എല്ലാം ശരിയാക്കി’ ലീല വെള്ളിയാഴ്ച തിയറ്ററിലെത്തും. എല്‍ഡിഎഫിന്റെ പ്രചരണ ടാഗ് ലൈനായ ‘എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും’ എന്ന മുദ്രാവാക്യത്തെ അനുകരിച്ച് ‘ലീല വരും എല്ലാം ശരിയായി’ എന്നാണ് പോസ്റ്ററുകളിലെ മുദ്രാവാക്യം.

സംവിധായനും നിര്‍മ്മാതാവുമായ രഞ്ജിത് ചലച്ചിത്ര സംഘടനകളുടെയും നിര്‍മ്മാതാക്കളുടെയും നിലപാടുകളെ അതിരൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ലീല സിനിമയുടെ റിലീസിംഗ് തടയാനുള്ള നിര്‍മാതാക്കളുടെ നീക്കത്തിന് തിരിച്ചടിയായി ചിത്രീകരണത്തിനാവശ്യമായ പബ്‌ളിസിറ്റി ക്‌ളിയറന്‍സ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രഞ്ജിത് നല്‍കിയ ഹര്‍ജിയിലാണ് ലീലയ്ക്ക് പബ്‌ളിസിറ്റി ക്‌ളിയറന്‍സ് നല്‍കാന്‍ ഉത്തരവായത്. ലീലയുടെ റിലീസിംഗ് തടയുമെന്ന് നിര്‍മാതാക്കളും വിതരണക്കാരും ഒരുപോലെ നിലപാട് കടുപ്പിച്ചിരിക്കുകയായിരുന്നു.

2015ന്റെ അവസാനം നിര്‍മ്മാതാക്കളുടെ സമരവേളയില്‍ ലീല നിര്‍ത്തിവയ്ക്കണമെന്നു രഞ്ജിത്തിന്നോടു ഇവര്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ രഞ്ജിത്ത് തന്റെ ലീലയുമായി മുന്നോട്ടു നീങ്ങി. ഇതാണ് ലീലയ്ക്ക് അപ്രഖ്യാപിത വിലക്ക് വരാന്‍ കാരണം.

വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിയ സമരത്തിന് രഞ്ജിത് പിന്തുണയറിയിച്ചിരുന്നു. വേതനം കൂട്ടി നല്‍കിയ ശേഷമാണ് രഞ്ജിത് ചിത്രീകരണം ആരംഭിച്ചതും. ഇതോടെയാണ്, രഞ്ജിതിനെതിരെ നിര്‍മാതാക്കള്‍ പടയൊരുക്കം തുടങ്ങിയത്.

ഉണ്ണി ആറിന്റെ ചെറുകഥയായ ലീല അതേ പേരിലാണ് രഞ്ജിത്ത് സിനിമയാക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതും ഉണ്ണി തന്നെയാണ്. ആദ്യമായാണ് മറ്റൊരാളുടെ തിരക്കഥ രഞ്ജിത്ത് സിനിമയാക്കുന്നത്.

Top