കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പില്‍ നടി ലീന മരിയ പോളിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. നടി ലീന മരിയ പോളും ഇവരുടെ ഭര്‍ത്താവും രണ്ടു കേസില്‍ പ്രതിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം, ലീന മരിയ പോളിനെതിരെ കേരളത്തില്‍ കേസുകള്‍ ഉണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. വിശദാംശങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
ആക്രമണത്തിന് ശേഷവും തനിക്ക് ഫോണ്‍കോള്‍ തുടരുകയാണെന്നും ജീവന് ഭീഷണിയുണ്ടെന്നുമാണ് നടിയുടെ പരാതി. വെടിവയ്പ്പ് നടക്കുന്നതിന് മുന്‍പ് അധോലോക കുറ്റവാളി രവി പൂജാരിയുടെ പേരില്‍ ഭീഷണി ഫോണ്‍ സന്ദേശം വന്നതായും പണം ആവശ്യപ്പെട്ടതായും ഹര്‍ജിയില്‍ നടി വ്യക്തമാക്കിയിരുന്നു.
രവി പൂജാരിയോ അല്ലെങ്കില്‍ രവി പൂജാരിയുടെ പേരില്‍ മറ്റാരെങ്കിലുമോ ആകാം ഭീഷണിപ്പെടുത്തുന്നതെന്ന് കാണിച്ച് ലീന, സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, സൗത്ത് കൊറിയയില്‍ നിന്നുള്ള നെറ്റ് കോള്‍ ആയാണ് ഭീഷണിയെത്തിയതെന്നും ലീന മരിയ പോള്‍ പൊലീസിനെ അറിയിച്ചു.
കഴിഞ്ഞ 15 നായിരുന്നു കൊച്ചി പനമ്പള്ളി നഗറിലെ ലീന മരിയ പോളിന്റെ ദി നെയില്‍ ആര്‍ടിസ്ട്രി എന്ന ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പുണ്ടായത്. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കെട്ടിടത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ബ്യൂട്ടി പാര്‍ലറിന്റെ സ്റ്റെയര്‍ കേസിന് നേര്‍ക്ക് വെടിയുതിര്‍ത്ത സംഘം ബൈക്കില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു.