ന്യൂഡല്‍ഹി: ലോകത്തെ മുന്‍നിര ഉപഭോക്തൃ ഉത്പന്നങ്ങളുടെ കമ്പനിയായ യൂണിലിവറിന്റെ ഡയറക്ടറായി മലയാളിയായ ലീന നായര്‍ നിയമിതയായി. ലണ്ടനില്‍ യൂണിലിവര്‍ ആസ്ഥാനത്താണ് നിയമനം. ഇന്ത്യയില്‍നിന്ന് ഇത്തരമൊരു പദവിയിലെത്തുന്ന ആദ്യവനിതയാണ്.
രണ്ടുവര്‍ഷമായി മനുഷ്യവിഭവശേഷി വിഭാഗം ഗ്ലോബല്‍ സീനിയര്‍ വൈസ്പ്രസിഡന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. പാലക്കാട് ആലത്തൂര്‍ പുതിയങ്കം അനിതാവിഹാറില്‍ ശ്രീകുമാറിന്റെ ഭാര്യയാണ്.കൊടുങ്ങല്ലൂര്‍ സ്വദേശി മുകുന്ദന്‍മേനോന്റെയും പത്മിനിദേവിയുടെയും മകളാണ്.
1992ല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ മാനേജ്‌മെന്റ് ട്രെയിനിയായി ചേര്‍ന്നു. വൈകാതെ ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ ഒരു ഉത്പാദനയൂണിറ്റിന്റെ ചുമതല വഹിക്കുന്ന ആദ്യവനിതയെന്ന വിശേഷണത്തോടെ നവിമുംബൈയിലെ തലോജയില്‍ ഫാക്ടറി മാനേജരായി.ഭര്‍ത്താവ് ശ്രീകുമാര്‍ മുംബൈയില്‍ ട്രാന്‍സ് വാറന്റി ഫിനാന്‍സ് സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമാണ്.