ലോകസഭ തിരഞ്ഞെടുപ്പ് മുഖ്യ ലക്ഷ്യം, ‘പൊന്നാപുരം കോട്ട’ വീഴ്ത്താൻ സി.പി.എം

സി.പി.എമ്മും മുസ്ലീംലീഗും തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ലീഗിന് രാഷ്ട്രീയമായ തിരിച്ചടി നല്‍കാന്‍ ഒരുങ്ങി സി.പി.എം. മുഖ്യമന്ത്രിയെയും മന്ത്രി മുഹമ്മദ് റിയാസിനെയും അപമാനിച്ചതിന് ലീഗ് നേതാവ് മാപ്പു പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ അലയൊലി ഇനിയും കെട്ടടങ്ങിയിട്ടില്ല. ലീഗിലെ അസംതൃപ്തരെ ഒപ്പം നിര്‍ത്തുക എന്ന രാഷ്ട്രീയ അജണ്ടയാണ് സി.പി.എം ഇപ്പോള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു ശേഷം ഇത്തരമൊരു നീക്കം ശക്തിപ്പെടുത്താനാണ് തീരുമാനം. സി.പി.എം വാതില്‍ തുറന്നാല്‍ അകത്തു കയറാന്‍ തയ്യാറായി ഇപ്പോള്‍ തന്നെ ലീഗില്‍ ഒരു വിഭാഗമുണ്ട്. അവരും പുതിയ സംഭവ വികാസങ്ങളെ കരുതലോടു കൂടിയാണ് സമീപിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസിനെതിരായ പരാമര്‍ശത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തന്നെ ഖേദം പ്രകടിപ്പിച്ചത് ഈ വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ്.

ഹൈദരലി തങ്ങളുടെ അഭാവത്തില്‍ നിലവില്‍ ലീഗില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയുമാണ്. ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പ് ഇടി മുഹമ്മദ് ബഷീര്‍ മുനീര്‍ വിഭാഗങ്ങള്‍ക്കുണ്ട്. ഈ എതിര്‍പ്പ് ഒരു പൊട്ടിത്തെറിയില്‍ കലാശിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ലീഗില്‍ നിന്നും ഏതെങ്കിലും ഒരു വിഭാഗം പിളര്‍ന്നു വന്നാല്‍ അവരെ മുന്നണിയില്‍ എടുക്കുന്നത് പരിഗണിക്കുമെന്നാണ് സി.പി.എം നേതൃത്വം നല്‍കുന്ന സൂചന. മുസ്ലീം ലീഗ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്ന നിലപാടാണിത്. ഇപ്പോള്‍ തന്നെ ലീഗില്‍ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലാണുള്ളത്. സമസ്തയുടെ ഉടക്കാണ് ലീഗ് നേരിടുന്ന പ്രധാന വെല്ലുവിളി. മാത്രമല്ല തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന നിലപാട് പാണക്കാട് തങ്ങള്‍ കുടുംബത്തില്‍ ഉള്ളതും ലീഗ് നേരിടുന്ന പുതിയ പ്രതിസന്ധിയാണ്.

മുനവറലി തങ്ങള്‍ ഉള്‍പ്പെടെ ഈ നിലപാടിലാണ് ഉറച്ചു നില്‍ക്കുന്നത്. അണിയറയിലെ നിയന്ത്രണം മതിയാക്കി ‘അരങ്ങത്തു ‘വരാന്‍ തങ്ങള്‍ കുടുബാംഗങ്ങള്‍ തീരുമാനിച്ചാല്‍ പാര്‍ലമെന്ററി വ്യാമോഹമുള്ള മറ്റ് ലീഗ് നേതാക്കള്‍ക്കാണ് അത് തിരിച്ചടിയാകുക. ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങളും തങ്ങള്‍ കുടുംബം രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന നിലപാടിലാണുള്ളത്. കുഞ്ഞാലിക്കുട്ടി വിഭാഗവുമായി ഉടക്കി നില്‍ക്കുന്ന മുഈന്‍ അലി തങ്ങള്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തല്‍ തുടര്‍ന്നാല്‍ ഇടതുപക്ഷത്തേക്ക് ചാടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഈ സാധ്യതകള്‍ രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ലീഗിന് ഇനി നേരിടാനുള്ളത് വലിയ അഗ്‌നിപരീക്ഷണം തന്നെയാണ്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തിലാണ് കടുത്ത മത്സരം നടക്കുവാന്‍ പോകുന്നത്.

നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം പത്തിനായിരത്തോളം വോട്ടിന്റെ വ്യത്യാസം മാത്രമാണ് യു.ഡി.എഫുമായി ഇടതുപക്ഷത്തിനുള്ളത്. ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പൊന്നാനി പിടിച്ചെടുക്കാന്‍ പറ്റുമെന്നാണ് ഇടതുപക്ഷം കരുതുന്നത്. കെ.ടി ജലീല്‍ മുതല്‍ ലീഗിലെ റിബലുകളെവരെ സി.പി.എം പരിഗണിക്കാനുള്ള സാധ്യതയും വളരെകൂടുതലാണ്. നിലവില്‍ തവനൂര്‍ എം.എല്‍.എ ആണെങ്കിലും സി.പി.എം ആവശ്യപ്പെട്ടാല്‍ ജലീല്‍ തന്നെ പൊന്നാനിയില്‍ രംഗത്തിറങ്ങിയേക്കും.

ലീഗിന്റെ മുതിര്‍ന്ന നേതാവായ പി.കെ കുഞ്ഞാലിക്കുട്ടിയെ ലീഗിന്റെ ശക്തി കേന്ദ്രമായ കുറ്റിപ്പുറത്ത് മലര്‍ത്തിയടിച്ച ചരിത്രമാണ് ജലീലിനുള്ളത്. മുസ്ലിംലീഗ് മലപ്പുറത്ത് ഏറ്റവും അധികം ഭയപ്പെടുന്നതും കെ.ടി ജലീലിനെയാണ്. സി പി.എമ്മിന്റെ സ്വാധീനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യവും സമസ്തയുടെ ഇടത്തോടുള്ള ചായ്‌വുമെല്ലാം പൊന്നാനി ലോകസഭ മണ്ഡലത്തിലെ മത്സരം ലീഗിനെ സംബന്ധിച്ച് ജീവന്‍മരണ പോരാട്ടമാക്കിയാണ് മാറ്റാന്‍ പോകുന്നത്.

ഈ പൊന്നാപുരം കോട്ടയില്‍ വീണാല്‍ മലപ്പുറത്തെ ലീഗ് ആധിപത്യം കൂടിയാണ് അതോടെ തകരുക. മലപ്പുറത്തെ 16 മണ്ഡലങ്ങളില്‍ 15 നിയമസഭാ മണ്ഡലത്തിലും, ഇടതു പക്ഷത്തിനു ഇത്തവണ വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ തന്നെ പത്തോളം മണ്ഡലത്തില്‍ യൂഡിഎഫിന് വോട്ട് കുറഞ്ഞു എന്നതും ഇടതുപക്ഷത്തിന് വലിയ ആത്മ വിശ്വാസം നല്‍കുന്ന ഘടകമാണ്. നിലവില്‍ മലപ്പുറത്തെ നാലു മണ്ഡലങ്ങളില്‍ വിജയിച്ച ഇടതുപക്ഷത്തിന് പെരിന്തല്‍മണ്ണ നഷ്ടമായത് തന്നെ നിസാര വോട്ടുകള്‍ക്കു മാത്രമാണ്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ഇവിടെ നിന്നും ലീഗ് സ്ഥാനാര്‍ത്ഥി വിജയിച്ചിരിക്കുന്നത്. ഈ കണക്കുകള്‍ എല്ലാം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ലീഗിനെ കടന്നാക്രമിച്ചിരിക്കുന്നത്.

മലപ്പുറം ജില്ല എക്കാലത്തും മുസ്ലീംലീഗിന്റെ കരുത്തുറ്റ ജില്ലയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലീഗിന്റെ ഏകദേശം മുഴുവന്‍ സീറ്റുകളും ഈ ജില്ലയില്‍ നിന്നു തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഭൂരിപക്ഷം മണ്ഡലങ്ങളിലും ജയിച്ചെങ്കിലും വോട്ടിങ് നിലയിലെ ഇടതുപക്ഷത്തിന്റെ മുന്നേറ്റം ലീഗിനെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതം തന്നെയായിരുന്നു. തിരിച്ചു പിടിക്കും എന്നു അവര്‍ ഉറച്ചു വിശ്വസിച്ച താനൂര്‍ മണ്ഡലം ഇത്തവണയും ലീഗിനെ കൈവിട്ടു. മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് താനൂരില്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നത്. പൊന്നാനി, തവനൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളിലും ഇടതുപക്ഷമാണ് വിജയിച്ചിരിക്കുന്നത്.

മലപ്പുറത്തെ മാറി വരുന്ന രാഷ്ട്രീയ സാഹചര്യം ശരിക്കും ഉപയോഗപ്പെടുത്താന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞാല്‍ ലീഗ് കോട്ടകളിലാണ് വിള്ളലുണ്ടാകുക. മുന്‍പ് മഞ്ചേരി ലോകസഭ മണ്ഡലത്തില്‍ ടി.കെ ഹംസയിലൂടെ അട്ടിമറി വിജയം നേടിയ പാര്‍ട്ടിയാണ് സി.പി.എം. ആ ചരിത്രം ഇത്തവണ പൊന്നാനിയിലും ആവര്‍ത്തിക്കുമെന്നാണ് അവകാശവാദം. പൊന്നാനിയിലെ നിലവിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് കേവലം ഒരു അവകാശവാദം മാത്രമായി ഒരിക്കലും വിലയിരുത്താന്‍ കഴിയുകയില്ല. കെ.ടി ജലീലാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെങ്കില്‍ ലീഗ് ശരിക്കും വിയര്‍ക്കും. സംസ്ഥാനത്ത് തന്നെ ഏറ്റവും ശക്തമായ മത്സരം ഇനി നടക്കാന്‍ പോകുന്നതും ഇനി നടക്കാന്‍ പോകുന്നതും പൊന്നാനിയിലായിരിക്കും.

EXPRESS KERALA VIEW

Top