പാതിരാത്രിയിലെ അപ്രതീക്ഷിത നീക്കത്തിലൂടെ വടകരയിലും തൃശൂരിലും സ്ഥാനാര്‍ത്ഥികളെ മാറ്റി പരീക്ഷിച്ച കോണ്‍ഗ്രസ്സ് നീക്കം ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസമാണിപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ചുവപ്പുകോട്ടയായ വടകര ഇത്തവണയെങ്കിലും പിടിച്ചെടുക്കുക എന്നത് ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സി.പി.എമ്മിന്റെ അഭിമാന പ്രശ്നമാണ്. അതിനു വേണ്ടി അവര്‍ രംഗത്തിറക്കിയിരിക്കുന്നത് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെയാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനു വിജയിച്ച കെ.കെ ശൈലജ ചെങ്കൊടിയുമായി വടകരയില്‍ ഇറങ്ങുമ്പോള്‍ അവര്‍ക്കു മുന്നിലെ ഏക ലക്ഷ്യം വടകര പിടിച്ചെടുക്കുക എന്നതു തന്നെയാണ്.
84,000 ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2019-ല്‍ കെ മുരളീധരന്‍ വടകരയില്‍ വിജയിച്ചിരുന്നത്. 3,261 വോട്ടിന്റെ ഭൂരിപക്ഷത്തിന് അതിനു മുന്‍പ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിജയിച്ച മണ്ഡലത്തില്‍ ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുരളിയെ സഹായിച്ചത്. ശബരിമല വിഷയവും,രാഹുല്‍ ഇഫക്ടുമായിരുന്നു.ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ശേഷമുള്ള രാഷ്ട്രീയ സാഹചര്യമാണ് വടകരയില്‍ ഇടതുകോട്ടയില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നത്. ഈ വിള്ളല്‍ അടച്ച് മണ്ഡലം തിരിച്ചു പിടിക്കുക എന്ന ദൗത്യമാണ് സി.പി.എം ശൈലജയെ ഏല്‍പ്പിച്ചിരിക്കുന്നത്.
കെ. കരുണാകരന്റെ മകനായ കെ മുരളീധരന് തന്റെ മുന്‍ഗാമിയായ മുല്ലപ്പള്ളിയേക്കാള്‍ ഭൂരിപക്ഷം കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചത് വടകരയിലെ മാത്രം പ്രതിഭാസമായിരുന്നില്ല. കേരളത്തിലെ 19 മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷം തന്നെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ 2019 -ലെ ആ സാഹചര്യമല്ല 2024-ല്‍ ഉള്ളത്. ഇന്ന് ശബരിമല വിഷയം ഒരു പ്രചരണ വിഷയമേയല്ല. രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കുന്നുണ്ടെങ്കിലും അദ്ദേഹം പ്രധാനമന്ത്രിയാവുമെന്ന് കരുതി കഴിഞ്ഞ തവണ സംഭവിച്ചതുപോലുള്ള വോട്ടിന്റെ ഒഴുക്ക് ഇത്തവണ എന്തായാലും വടകരയിലും ഉണ്ടാകാന്‍ സാധ്യതയില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഉണ്ടാക്കും എന്ന അവകാശവാദം മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കു പോലും ഇല്ലന്നതാണ് യാഥാര്‍ത്ഥ്യം.ഇവിടെയാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷയും വര്‍ദ്ധിക്കുന്നത്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഭൂരിപക്ഷ മണ്ഡലങ്ങളിലും വിജയിക്കാന്‍ കഴിയുമെന്നാണ് ഇടതുപക്ഷം കരുതുന്നത്. ഇതില്‍ ശക്തമായ പോരാട്ടം നടക്കുന്ന വടകരയും തൃശൂരും ഉള്‍പ്പെടും.അപ്രതീക്ഷിതമായി തൃശൂരിലും വടകരയിലും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ മാറ്റുക കൂടി ചെയ്തതോടെ ഈ മണ്ഡലങ്ങളില്‍ ഇപ്പോള്‍ തന്നെ ഇടതുപക്ഷത്തിനാണ് മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്. രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നതും അതു തന്നെയാണ്.
മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ എത്തിയ പ്രത്യേക രാഷ്ട്രീയ സാഹചര്യം 20മണ്ഡലങ്ങളിലും യു.ഡി.എഫിനെ വലിയ രൂപത്തില്‍ പ്രതിരോധത്തിലാക്കുന്നതാണ്. മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കാവിയണിഞ്ഞതിനു പിന്നാലെയാണ് ലീഡറുടെ മകളും കാവിയണിഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളുടെ ഈ കൂട് മാറ്റത്തിന് മറുപടി പറയാതെ ഒരടിപോലും കോണ്‍ഗ്രസ്സിന് ഇനി മുന്നോട്ട് പോകാന്‍ കഴിയുകയില്ല. പത്മജയുടെ ബി.ജെ.പി പ്രവേശനം ഏറ്റവും അധികം ബാധിക്കാന്‍ പോകുന്നത് അവരുടെ സഹോദരന്‍ കൂടിയായ കെ മുരളീധരനെയാണ്.വടകരയില്‍ നിന്നും തൃശൂരിലേക്ക് മാറിയതു കൊണ്ടു മാത്രം മുരളി സുരക്ഷിതനാകുകയില്ല. മന്ത്രിയായിരിക്കെ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട മുരളിയെ തോല്‍പ്പിച്ച ചരിത്രവും സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിനുണ്ട്. ബി.ജെ.പി വിജയം ഉറപ്പിച്ച് പോരാടുന്ന തൃശൂരില്‍ മൂന്നാംസ്ഥാനത്ത് എത്തേണ്ടി വന്നാല്‍ മുരളിയുടെ രാഷ്ട്രീയ ജീവിതത്തില്‍ തന്നെ അത് കറുത്ത ഏടായാണ് മാറുക. ഈ യാഥാര്‍ത്ഥ്യം അറിയുന്നതു കൊണ്ടാണ് തൃശൂരിലേക്ക് മാറ്റിയ നടപടിയിലുള്ള പ്രതിഷേധം അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.’സഹോദരിക്കു പുറമെ അധികം താമസിയാതെ സഹോദരനും കാവിയണിയും’ എന്ന പ്രചരണമാണ് മുരളിക്കും കോണ്‍ഗ്രസ്സിനും എതിരെ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ശക്തമായിരിക്കുന്നത്. ‘സ്വന്തം സഹോദരി ബി.ജെ.പിയിലേക്ക് പോകുന്നത് തടയാന്‍ കഴിയാത്ത മുരളി എങ്ങനെയാണ് ബി.ജെ.പിയെ പ്രതിരോധിക്കുക’ എന്ന ചോദ്യം ന്യൂനപക്ഷ കേന്ദ്രങ്ങളിലും ശക്തമാണ്. മുരളി മാറിയിട്ടും വടകരയില്‍ പോലും ഉയരുന്ന പ്രധാന വിമര്‍ശനവും ഇതു തന്നെയാണ്.
തൃശൂരില്‍ വലിയ സ്വാധീനം ഉണ്ടായിരുന്ന സിറ്റിംഗ് എം.പി ടി.എന്‍ പ്രതാപന്‍ മാറി മുരളി വരുമ്പോള്‍ പ്രതാപന് ലഭിക്കുന്ന സ്വീകാര്യത മുരളിക്ക് ലഭിക്കുമോ എന്ന ചോദ്യം സ്വാഭാവികമായും ഉയരും. 5 വര്‍ഷം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച പ്രതാപന് തീരദേശ മേഖലയില്‍ ഉള്‍പ്പെടെ സ്വാധീനമുണ്ട്. പ്രതാപന് വ്യക്തിപരമായി കിട്ടുന്ന ഈ വോട്ടുകള്‍ മുരളിക്ക് ലഭിച്ചില്ലങ്കില്‍ തൃശൂരില്‍ കോണ്‍ഗ്രസ്സ് ശരിക്കും വെള്ളംകുടിക്കും. അതേസമയം സ്വന്തം പ്രതിച്ഛായയില്‍ മുരളിക്കു ലഭിക്കേണ്ട വോട്ടുകള്‍ പത്മജയുടെ കൂട് മാറ്റത്തോടെ എത്രമാത്രം ഇനി ലഭിക്കുമെന്നതും കണ്ടറിയേണ്ട കാര്യം തന്നെയാണ്.
2019-ലെ തിരഞ്ഞെടുപ്പില്‍ 93633 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പ്രതാപന്‍ വിജയിച്ച മണ്ഡലത്തില്‍ പ്രവചനാതീതമായ പോരാട്ടമാണിപ്പോള്‍ നടക്കുന്നത്. പത്മജ കോണ്‍ഗ്രസ്സിന് ഉയര്‍ത്തിയ രാഷ്ട്രീയ പ്രതിസന്ധി ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക എന്നാണ് നേതാക്കള്‍ പറയുന്നത്. തൃശൂരില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ യഥാര്‍ത്ഥ മത്സരം വി.എസ് സുനില്‍കുമാറും സുരേഷ് ഗോപിയും തമ്മിലായിരിക്കുമെന്നാണ് ഇടതു നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാംസ്ഥാനത്തെത്തിയ ബി.ജെ.പി , ഇത്തവണ രണ്ടാം സ്ഥാനത്ത് എത്താനുള്ള എല്ലാ സാധ്യതയും ഇടതു നേതാക്കളും കാണുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് കോണ്‍ഗ്രസ്സുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടതുപക്ഷവും ബി.ജെ.പിയും ഇപ്പോള്‍ ബഹുദൂരം മുന്നിലാണ്.നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തൃശൂര്‍ എടുക്കുമെന്ന് ഇപ്പോള്‍ ഉറപ്പിക്കുന്നത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി.എസ് സുനില്‍കുമാറാണ്.
ഇതേ ആത്മവിശ്വാസം തന്നെയാണ് വടകരയില്‍ ശൈലജ ടീച്ചര്‍ക്കുമുള്ളത്. മുരളി മാറിയതുകൊണ്ടുമാത്രം പത്മജ സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും കരകയറാന്‍ കഴിയില്ലന്നാണ് സി. പി.എം വിലയിരുത്തല്‍. വടകരയില്‍ നിന്നും മുരളിയെ മാറ്റിയതിനെതിരെ മുസ്ലീംലീഗിലും പ്രതിഷേധം ശക്തമാണ്. മുരളി അല്ലാതെ മറ്റാരു തന്നെ വന്നാലും ശക്തമായ ഒരു മത്സരം നടത്താന്‍ പോലും കഴിയില്ലന്നതാണ് ലീഗ് വിലയിരുത്തല്‍. ആര്‍.എം.പിയുടെയും കോണ്‍ഗ്രസ്സിന്റെയും പ്രവര്‍ത്തകര്‍ക്കിടയിലും ഇതേ വികാരം ശക്തമാണ്.വടകരയിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട ഷാഫി പറമ്പിലാകട്ടെ കടുത്ത പ്രതിഷേധമാണ് നേതൃത്വത്തിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. തനിക്ക് യാതൊരു പരിചയവും ഇല്ലാത്ത പ്രദേശത്ത് പോയി മത്സരിച്ചാല്‍ കനത്ത തോല്‍വി ഉണ്ടാകുമെന്ന ഭയമാണ് ഷാഫിയെ പിറകോട്ടടിപ്പിക്കുന്നത്. വടകരയില്‍ പരാജയപ്പെട്ടാല്‍ അതിന്റെ പ്രത്യാഘാതം നിയമസഭാ തിരഞ്ഞെടുപ്പില്‍ , പാലക്കാട്ടും നേരിടേണ്ടി വരുമെന്ന ഭയവും ഷാഫിക്കുണ്ട്.
EXPRESS KERALA VIEW