കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇടത് മുന്നണി നടത്തുന്ന ജനജാഗ്രത യാത്രകള്‍ നാളെ തുടങ്ങും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇടത് മുന്നണി നടത്തുന്ന ജനജാഗ്രത യാത്രകള്‍ക്ക് നാളെ തുടക്കമാകും.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജാഥ വൈകീട്ട് നാലിന് മഞ്ചേശ്വരത്ത് നിന്നുമാണ് ആരംഭിക്കുന്നത്.

സിപിഐ അഖിലേന്ത്യാ സെക്രട്ടറി ഡി രാജയും കാനം രാജേന്ദ്രനും നയിക്കുന്ന ജാഥ തിരുവനന്തപുരത്തു നിന്നും ആരംഭിക്കും.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ ഉദ്ഘാടനം ചെയ്യുക.

കോടിയേരി നയിക്കുന്ന ജാഥയില്‍ സിപിഐ നേതാവ് സത്യന്‍ മൊകേരി, ജനതാദള്‍ (എസ്) നേതാവ് പി എം ജോയ്, എന്‍സിപി നേതാവ് പി കെ രാജന്‍ മാസ്റ്റര്‍, കോണ്‍ഗ്രസ് (എസ്) നേതാവ് ഇ പി ആര്‍ വേശാല, കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസ് എന്നിവര്‍ അംഗങ്ങളാകും.

സിപിഐഎം നേതാവ് എ വിജയരാഘവന്‍, ജനതാദള്‍ (എസ്) നേതാവ് ജോര്‍ജ് തോമസ്, എന്‍സിപി നേതാവ് ബാബു കാര്‍ത്തികേയന്‍, കോണ്‍ഗ്രസ് (എസ്) നേതാവ് ഉഴമലയ്ക്കല്‍ വേണുഗോപാലന്‍, കേരള കോണ്‍ഗ്രസ് സ്‌കറിയ വിഭാഗം നേതാവ് പി എം മാത്യു എന്നിവര്‍ കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥയില്‍ പങ്കെടുക്കും.

Top