ഇടതുമുന്നണി പ്രവേശനം; ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെച്ചേക്കുമെന്ന്

കോട്ടയം: കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചേക്കുമെന്ന് സൂചനകള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ഉറപ്പിക്കാനാണ് ഈ നീക്കം.

ജോസ് കെ മാണിയെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ യുഡിഎഫ് അവസാനിപ്പിച്ചതോടെ കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശം ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. മുന്നണിയുടെ ഭാഗമാവുമ്പോള്‍ കേരള കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റ് ഉറപ്പിക്കുന്നതിനെക്കുറിച്ചാണ് ഇനി മുന്നണി നേതൃത്വവുമായി ചര്‍ച്ചനടക്കുക.

പാലാ സീറ്റിന് പകരം ജോസ്.കെ മാണി ഒഴിയുന്ന രാജ്യസഭാ സീറ്റ് നല്‍കി എന്‍സിപിയെ അനുനയിപ്പിക്കാനാണ് ഇടതുമുന്നണി നീക്കം. ജോസ് കെ മാണിയോടുള്ള സിപിഐ നിലപാടിലും അയവ് വന്നിട്ടുണ്ട്. സിപിഐ മത്സരിക്കുന്നത് കാഞ്ഞിരപ്പള്ളി ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ ഇനി ധാരണയാവണം.

അതേസമയം മുന്നണി പ്രവേശം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ ജോസ് കെ മാണി വിഭാഗം സ്റ്റിയറിങ് കമ്മറ്റി യോഗം ഇന്ന് ചേരും.

Top