ഇടതുമുന്നണിയുടെ ജനജാഗ്രത യാത്രകള്‍ക്ക് ശനിയാഴ്ച തുടക്കമാകും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇടതുമുന്നണി സംഘടിപ്പിക്കുന്ന ജനജാഗ്രത യാത്രകള്‍ക്ക് 21ന് തുടക്കമാകും.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജാഥ വൈകീട്ട് നാലിന് മഞ്ചേശ്വരത്ത് സി.പി.ഐ അഖിലേന്ത്യ സെക്രട്ടറി ഡി. രാജയും കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥ വൈകീട്ട് നാലിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.

കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജാഥയില്‍ സത്യന്‍ മൊകേരി (സി.പി.ഐ), പി.എം. ജോയ് (ജനതാദള്‍ എസ്), പി.കെ. രാജന്‍ മാസ്റ്റര്‍ (എന്‍.സി.പി), ഇ.പി.ആര്‍. വേശാല (കോണ്‍ഗ്രസ് എസ്), സ്‌കറിയ തോമസ് (കേരള കോണ്‍ഗ്രസ്) എന്നിവര്‍ അംഗങ്ങളായിരിക്കും. കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥയില്‍ എ. വിജയരാഘവന്‍ (സി.പി.എം), ജോര്‍ജ് തോമസ് (ജനതാദള്‍ എസ്), അഡ്വ. ബാബു കാര്‍ത്തികേയന്‍ (എന്‍.സി.പി), ഉഴമലയ്ക്കല്‍ വേണുഗോപാലന്‍ (കോണ്‍ഗ്രസ് എസ്), പി.എം. മാത്യു (കേരള കോണ്‍ഗ്രസ് സ്‌കറിയ) എന്നിവര്‍ അംഗങ്ങളായിരിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. ജനജാഗ്രത യാത്ര വിജയിപ്പിക്കാന്‍ മുഴുവന്‍ ബഹുജനങ്ങളും മുന്നോട്ടുവരണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Top