വിശാഖപട്ടണം വഴി സിയോളിലേക്ക്: ബിടിഎസിനെ കാണാനായി വീടുവിട്ടിറങ്ങി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍

ലോകമെമ്പാടും ആരാധകരുള്ള കൊറിയന്‍ ഗായക സംഘമായ ബിടിഎസിനെ കാണാന്‍ പോയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ പെണ്‍കുട്ടികളെയാണ് വെല്ലൂര്‍ കാട്പാടി റെയില്‍ വേസ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്. ബിടിഎസിനെ കാണാന്‍ 14000 രൂപയുമായി ഇവര്‍ നാടുവിടുകയായിരുന്നു. വിശാഖപട്ടണം വഴി സിയോളിലേക്ക് കടക്കാനായിരുന്നു പദ്ധതി

ബിടിഎസ് ബാന്‍ഡിന്റെ കടുത്ത ആരാധകരായ തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളാണ് വീട്ടുകാരെ വിവരമറിയിക്കാതെ നാടുവിടാന്‍ ശ്രമിച്ചത്. ആരെയും അറിയിക്കാതെ വീടുവിട്ടിറങ്ങിയ ഇവരെ വെല്ലൂരിലെ കാട്പാടി ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തുകയായിരുന്നു.

ജനുവരി നാലിനാണ് പെണ്‍കുട്ടികള്‍ വീടുവിട്ടിറങ്ങിയത്. വിശാഖപട്ടണത്തേക്കും അവിടെനിന്നു കപ്പലില്‍ കൊറിയയിലേക്കും പോകാനായിരുന്നു കുട്ടികളുടെ പദ്ധതി. പദ്ധതി അതനുസരിച്ച് ഈറോഡില്‍ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിനില്‍ കയറി. ചായ കുടിക്കാന്‍ കാട്പാടി സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ ട്രെയിന്‍ കടന്നുപോയി. പിന്നീട് റെയില്‍വേ പൊലീസ് ഇവരുടെ പെരുമാറ്റം ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടികള്‍ സത്യം പറഞ്ഞു. മൂന്നുപേര്‍ക്കും കൗണ്‍സിലിങ് കൊടുത്ത ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

പെണ്‍കുട്ടികളിലൊരാളുടെ അയല്‍വാസിയില്‍ നിന്നാണ് ഇവര്‍ ബിടിഎസ് ബാന്‍ഡിനെ കുറിച്ചറിയുന്നത്. തുടര്‍ച്ചയായി ബാന്‍ഡിനെ കുറിച്ച് ശ്രദ്ധിച്ച കുട്ടികള്‍ വൈകാതെ ബിടിഎസിന്റെ കടുത്ത ആരാധകരായി മാറി. കൂടാതെ ഗൂഗിള്‍ വഴി കൊറിയന്‍ ഭാഷ പഠിക്കാനും ആരംഭിച്ചു. ഇതിനിടെയാണ് ബിടിഎസ് അംഗങ്ങളെ നേരിട്ട് കാണാന്‍ ശ്രമം നടത്തിയത്.

Top