ഉത്തർപ്രദേശല്ല, ഇടതുപക്ഷ കേരളം, ഇവിടെ പണ്ടേ മികവുറ്റ ഭരണമാണ്

ബി.ജെ.പിക്ക് അവസരം നല്‍കിയാല്‍ കേരളത്തെ രാജ്യത്തെ മികച്ച സംസ്ഥാനമാക്കി മാറ്റുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്തടിസ്ഥാനത്തിലാണ് ഈ പ്രതികരണമെന്നതിനു അമിത് ഷാ തന്നെയാണ് യഥാര്‍ത്ഥത്തില്‍ വിശദീകരണം നല്‍കേണ്ടത്. കാരണം നിലവില്‍ കേരളം തന്നെയാണ് രാജ്യത്തെ മികച്ച സംസ്ഥാനം. മനുഷ്യവികസനസൂചികയില്‍ രാജ്യത്ത് ഏറ്റവും മുന്നിലെത്തിയ സംസ്ഥാനമാണ് കേരളമെന്ന് പ്രഖാപിച്ചിരുന്നത് ഐക്യരാഷ്ട്ര സംഘടനയാണ്. രാജ്യത്ത് അഴിമതി തീരെ കുറഞ്ഞ സംസ്ഥാനമായി സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് പലവട്ടം വിലയിരുത്തിയതും ഈ ദൈവത്തിന്റെ സ്വന്തം നാടിനെയാണ്.

സാക്ഷരതയുടെ കാര്യത്തില്‍ അമിത് ഷാക്ക് ചൂണ്ടിക്കാണിക്കാവുന്ന ഏക മാതൃകയും കേരളമാണ്. ഏത് തുലാസില്‍ ആരുതന്നെ തൂക്കിയാലും കേരള മികവ് പ്രകടമാകും. അക്കാര്യത്തില്‍ ഒരു സംശയവും ഉണ്ടാവേണ്ടതില്ല. പൊതു വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, പാര്‍പ്പിടം, ഉയര്‍ന്ന സാക്ഷരത, കുറഞ്ഞ ശിശു മരണ നിരക്ക്, ക്രമസമാധാന പാലനം തുടങ്ങി കേരളത്തിന്റെ നേട്ടങ്ങളുടെ പട്ടിക അനന്തമായി നീളുന്നതാണ്. മികച്ച ഭരണമുള്ള സംസ്ഥാനമെന്ന പബ്ലിക് അഫയേഴ്‌സ് സെന്റര്‍ ബഹുമതി 2020ല്‍ വീണ്ടും നേടിയതും കേരളമാണ്. ഇക്കാര്യം മറ്റാരു മറന്നാലും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി മറക്കരുതായിരുന്നു.

1.388 പോയിന്റുമായാണ് കേരളം ഒന്നാമതെത്തിയിരിക്കുന്നത്. 2019 ലും 1.011 പോയിന്റുമായി വലിയ സംസ്ഥാനങ്ങളില്‍ കേരളം തന്നെയായിരുന്നു ഒന്നാമതെത്തിയിരുന്നത്. ബിജെപി ഭരണത്തിലുള്ള ഉത്തര്‍പ്രദേശിലാണ് ഏറ്റവും മോശം ഭരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യമാണ് യഥാര്‍ത്ഥത്തില്‍ അമിത് ഷായും മറച്ചു പിടിച്ചിരിക്കുന്നത്. 2020ലെ റിപ്പോര്‍ട്ടു പ്രകാരം ആദ്യ മൂന്നു സ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലെ ബിജെപി ഇതര സംസ്ഥാനങ്ങളാണുള്ളത്. കേരളത്തിനു പിന്നില്‍ 0.912 പോയിന്റുമായി തമിഴ്‌നാടും, 0.531 പോയിന്റുമായി ആന്ധ്രയുമാണുള്ളത്. ഉത്തര്‍പ്രദേശ്, ഒഡിഷ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് ഭരണനിര്‍വഹണത്തില്‍ ഏറ്റവും പിന്നിലായിരിക്കുന്നത്. ഈ മൂന്നു സംസ്ഥാനങ്ങള്‍ക്കും നെഗറ്റീവ് പോയിന്റാണുള്ളത്. ഉത്തര്‍പ്രദേശിന്റേത് മൈനസ് 1.461 ആണെന്നതും അമിത് ഷാ ശരിക്കും ഓര്‍ക്കണം.

മികച്ച കേന്ദ്ര ഭരണപ്രദേശമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 1.05 പോയിന്റുള്ള ചണ്ഡീഗഢാണ്. ഇതിനു പിന്നിലുള്ളത് പുതുച്ചേരിയും ലക്ഷദ്വീപുമാണുള്ളത്. ഏറ്റവും പിന്നിലാകട്ടെ നിക്കോബാറും ജമ്മു കശ്മീരുമാണുള്ളത്. ചെറിയ സംസ്ഥാനങ്ങളില്‍ 1.745 പോയിന്റു നേടി ഗോവയാണ് മുന്നിലെത്തിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഏറ്റവും മോശം ഭരണമാകട്ടെ മണിപ്പൂരിലുമാണ്. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ പബ്ലിക് അഫയേഴ്‌സ് സെന്ററാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സമത്വം, വളര്‍ച്ച, സുസ്ഥിരത എന്നീ ഘടകങ്ങളുടെ സുസ്ഥിരവികസനം അടിസ്ഥാനമാക്കി സംയോജിത സൂചികയിലൂടെയാണ് പ്രകടനം വിലയിരുത്തിയിരിക്കുന്നത്.

അടുത്തയിടെ വന്ന ഈ റിപ്പോര്‍ട്ട് മറച്ചു വച്ചാണ് കേരളത്തെ നമ്പര്‍ വണ്‍ സംസ്ഥാനമാക്കി മാറ്റാമെന്ന് അമിത് ഷാ ഇപ്പോള്‍ മൊഴിഞ്ഞിരിക്കുന്നത്. ആദ്യം സ്വന്തം പാര്‍ട്ടി ഭരിക്കുന്ന ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ മികച്ച ഭരണം കാഴ്ചവയ്ക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് അമിത് ഷാ നല്‍കേണ്ടത്. ഉത്തര്‍പ്രദേശില്‍ നടക്കുന്നതു പോലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ കേരളത്തെ സംബന്ധിച്ച് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ പറ്റാത്തതാണ്. ജനക്ഷേമ നടപടികള്‍ക്കു മാത്രമല്ല മികച്ച ക്രമസമാധാന പാലനത്തിനും രാജ്യത്തിനു മാതൃകയാണ് ഈ കൊച്ചു കേരളം. ഇടതുപക്ഷ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണാണിത്.

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങളാണ് കേരളത്തിന്റെ വികസനത്തിന് സംഭാവന നല്‍കിയതെന്ന കാര്യം രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിച്ചു തരുന്ന കാര്യമാണ്. കാര്‍ഷിക പരിഷ്‌ക്കരണ ബില്‍, വിദ്യാഭ്യാസബില്‍, പൊലീസ് നയം, ക്ഷേമപരിപാടികള്‍, ആരോഗ്യമേഖലയിലെ ഇടപെടല്‍, പിന്നോക്ക പ്രദേശങ്ങളെ വികസിപ്പിക്കാനുള്ള പദ്ധതികള്‍, തുടങ്ങിയവയാണ് യഥാര്‍ത്ഥത്തില്‍ കേരളാ മോഡല്‍ എന്ന് പില്‍ക്കാലത്ത് പ്രസിദ്ധമായ കേരള വികസന മാതൃകയ്ക്ക് അസ്ഥിവാരമിട്ടിരുന്നത്. കമ്യൂണിസ്റ്റു സര്‍ക്കാരിന്റെ നയസമീപനങ്ങളുടെ ഫലമായി വലിയ മാറ്റം തന്നെയാണ് കേരളീയ സമൂഹത്തിലുണ്ടായിരുന്നത്. സാര്‍വത്രിക വിദ്യാഭ്യാസം, പ്രാഥമികാരോഗ്യ പരിരക്ഷ, സാമൂഹ്യ സുരക്ഷാപദ്ധതികള്‍, മിനിമം കൂലി, ജന്മിത്വത്തിന്റെ ജനവിരുദ്ധ സാംസ്‌കാരിക രൂപങ്ങള്‍ ഇല്ലായ്മ ചെയ്യല്‍, തുടങ്ങിയവയെല്ലാം കമ്യൂണിസ്റ്റു സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ അടിത്തറയുടെ സൃഷ്ടിയാണ്.

യു.ഡി.എഫ് നിരവധി തവണ കേരളം ഭരിച്ചിട്ടുണ്ടെങ്കിലും ആദ്യ കമ്യൂണിസ്റ്റു സര്‍ക്കാറിന്റെ തുടര്‍ച്ചയായി വന്ന ഇടതുപക്ഷ സര്‍ക്കാറുകളാണ് കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുള്ളത്. ഏത് മേഖല എടുത്താലും അക്കാര്യം വ്യക്തവുമാണ്. മനുഷ്യവികസനസൂചികയില്‍ രാജ്യത്ത് ഏറ്റവും മുന്നിലെത്തിയ സംസ്ഥാനമാണ് ഇന്ന് കേരളം. ഐക്യരാഷ്ട്ര സംഘടന തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. രാജ്യത്ത് അഴിമതി തീരെ കുറഞ്ഞ സംസ്ഥാനമായി സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് പലവട്ടം വിലയിരുത്തിയതും ഈ കൊച്ചു കേരളത്തെയാണ്. സാക്ഷരതയുടെ കാര്യത്തില്‍ അമിത് ഷാക്കു പോലും ചൂണ്ടിക്കാണിക്കാവുന്ന മാതൃകയും കേരള മോഡല്‍ മാത്രമാണ്. ഏത് തുലാസില്‍ ആരുതന്നെ തുക്കിയാലും ഈ മികവുകള്‍ പ്രകടമാകും.

നൂറു ശതമാനം വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനവും കേരളം തന്നെയാണ്. ജനസംഖ്യാനുപാതികമായി പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്ക് സംസ്ഥാന ബജറ്റ് വിഹിതം നീക്കിവച്ച ഏക സംസ്ഥാനവും ഇതാണ്. ഇവര്‍ക്ക് നീക്കിവച്ച തുകയുടെ ശതമാനം രാജ്യത്തെ മറ്റേതൊരു സംസ്ഥാനം നീക്കിവച്ചതിനേക്കാളും കൂടുതലാണെന്നതും എടുത്തു പറയേണ്ട കാര്യമാണ്. ഇന്റര്‍നെറ്റ് ഉപയോഗം ഓരോ പൗരന്റെയും അവകാശമാക്കുന്നതിലേക്കു കൂടിയാണ് ഇപ്പോള്‍ കേരളം മുന്നേറിയിരിക്കുന്നത്. കേരളത്തിന്റെ സ്വന്തം ‘കെ ഫോണ്‍’ വലിയ ഇന്റര്‍നെറ്റ് വിപ്ലവത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

കേരളം കൈവരിച്ച പ്രഥമസ്ഥാനങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. ട്രാന്‍സ്ജന്‍ഡര്‍ നയം പ്രഖ്യാപിച്ച ആദ്യസംസ്ഥാനവും കേരളമാണെന്നതും അമിത് ഷാ ഓര്‍ക്കണം. ലൈംഗികാതിക്രമം നടത്തുന്നവരുടെ രജിസ്ട്രിക്ക് തുടക്കം കുറിച്ച ആദ്യസംസ്ഥാനവും ഈ കേരളം തന്നെയാണ് എന്നതും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി കാണാതെ പോകരുത്. ശിശുമരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം, ഉയര്‍ന്ന ലിംഗ അനുപാതം, ഉയര്‍ന്ന ആരോഗ്യം, ആയുസ്സ്, ഉയര്‍ന്ന വിദേശനാണ്യവരുമാനം, മെച്ചപ്പെട്ട ഗ്രാമീണ റോഡുകള്‍, സൗജന്യവിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങി, നേട്ടങ്ങളുടെ പട്ടിക വിപുലമാണ്. വനിതകള്‍ക്ക് പ്രത്യേക വകുപ്പ് രൂപീകരിച്ചെന്നു മാത്രമല്ല, ലിംഗബജറ്റിനും കേരളം തുടക്കമിട്ടിട്ടുണ്ട്.

സംസ്ഥാന ബജറ്റിന്റെ 16 ശതമാനം സ്ത്രീകള്‍ക്കായാണ് നീക്കിവച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മിനിമം കൂലി കേരളത്തിലാണെന്നതുകൊണ്ടുതന്നെ അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടേക്ക് വലിയ രൂപത്തിലാണ് ആകര്‍ഷിക്കപ്പെടുന്നത്. ഇവര്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കും സംസ്ഥാനം തുടക്കമിട്ടിട്ടുണ്ട്. മതസൗഹാര്‍ദത്തിന്റെ കാര്യത്തിലും കേരളം രാജ്യത്തിനു തന്നെ മാതൃകയാണ്. നവോത്ഥാനത്തിന്റെ മഹത്തായ പാരമ്പര്യത്തില്‍ കേരളം ഇന്നും അഭിമാനം കൊള്ളുന്നുണ്ട്. രാജ്യത്ത് അസമത്വം അതിന്റെ ഉച്ചാവസ്ഥയിലാണെങ്കില്‍ കേരളത്തില്‍ അത് ഏറ്റവും താഴ്ന്നനിലയിലാണ്. ഇതിനു പുരോഗമനപരമായ നയങ്ങള്‍ക്കാണ് നന്ദി പറയേണ്ടത്.

കാരണം രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്തവിധം തൊഴിലാളികള്‍ക്ക് ഉയര്‍ന്ന കൂലി ലഭിക്കുന്നത് കേരളത്തിലാണ്. നേഴ്‌സുമാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കയര്‍- കൈത്തറി തൊഴിലാളികള്‍, കശുവണ്ടി- തോട്ടം തൊഴിലാളികള്‍ എന്നിവരുടെ കൂലി പുതുക്കി നിശ്ചയിച്ചതും കേരള സര്‍ക്കാറാണ്. ദിവസക്കൂലിയും വര്‍ധിപ്പിക്കുകയുണ്ടായി. സ്ത്രീത്തൊഴിലാളികള്‍ക്കാണ് ഇതില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായിരിക്കുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പ്രവര്‍ത്തനങ്ങളും സമാനതകളില്ലാത്തതാണ്.അത് അമിത് ഷാക്ക് അറിയില്ലങ്കിലും കേരളത്തിലെ ജനങ്ങള്‍ക്കറിയാം എന്നത് മനസ്സിലാക്കുന്നത് നല്ലതാണ്.

 

Top