ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള അംഗീകാരമാണ് മൂന്നു സംസ്ഥാനങ്ങളിലെയും ജയമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകരെയും അനുമോദിക്കുന്നതായും അമിത് ഷാ അറിയിച്ചു.
രാജ്യത്തിന്റെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ വികസനമുണ്ടെങ്കിലും കിഴക്കിലേക്ക് യാതൊരു തരത്തിലുള്ള വികസനവുമില്ലെന്ന് 2014 ല്‍ നരേന്ദ്രമോദി പറഞ്ഞിരുന്നു. അന്നു മുതല്‍ അദ്ദേഹം ‘ആക്റ്റ് ഈസ്റ്റ് പോളിസി’ തുടങ്ങിയിരുന്നു. ത്രിപുരയിലെ വിജയം മോദിയുടെ നയങ്ങളുടെ വിജയമാണെന്നും അമിത് ഷാ പറഞ്ഞു.
വിജയത്തില്‍ നിന്ന് വിജയങ്ങളിലേക്കുള്ള യാത്ര പോസ്റ്റീവായ അടയാളമാണ്. കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയം 2019 ലെ തെരഞ്ഞെടുപ്പ് നേരിടാന്‍ കൂടുതല്‍ ആത്മവിശ്വാസം പകരുന്നുണ്ട്. ത്രിപുരയില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരക്കാനുള്ള ഭൂരിപക്ഷമുണ്ട്. എന്നാല്‍ മന്ത്രിസഭയില്‍ സഖ്യകക്ഷികളെയും ഉള്‍പ്പെടുത്തുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
ത്രിപുരയിലെ വന്‍വിജയത്തോടെ തങ്ങള്‍ കര്‍ണാടകയിലേക്ക് നീങ്ങുകയാണ്. കര്‍ണാടകയില്‍ ബി.ജെ.പി വിജയിക്കും. ഇപ്പോഴുണ്ടായ ജയം കേരളത്തിലെയും ബംഗാളിലെയും അണികള്‍ക്ക് പ്രചോദനമാകും. ഒഡീഷ, ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ കൂടി ബി.ജെ.പിക്ക് നേടാനായാല്‍ അത് പാര്‍ട്ടിയുടെ സുവര്‍ണകാലഘട്ടമാകുമെന്നും അമിത് ഷാ വ്യക്തമാക്കി.