പാലക്കാട് ചുവപ്പിക്കാൻ ഇടതുപക്ഷം , ആലത്തൂർ , പാലക്കാട് മണ്ഡലങ്ങളിൽ വൻ വിജയ പ്രതീക്ഷ

ര് സ്ഥാനാര്‍ത്ഥിയായാലും , ഇത്തവണ നൂറ് ശതമാനവും വിജയിക്കുമെന്ന് സി.പി.എം വിലയിരുത്തുന്ന ചില മണ്ഡലങ്ങളുണ്ട്. അതില്‍ പ്രധാനമാണ് , പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങള്‍. ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സി.പി.എമ്മിന് , ശക്തമായ ബഹുജന അടിത്തറയുള്ള ജില്ലയാണ് പാലക്കാട് ജില്ല. ഇവിടുത്തെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഉള്‍പ്പെടെയുള്ള വലിയ വിഭാഗവും , സി പി.എമ്മിനൊപ്പമാണുള്ളത്. കഴിഞ്ഞ കുറേ കാലങ്ങളായി തുടരുന്ന ആ ചരിത്രം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചിട്ടുണ്ട്.

ജില്ലയിലെ ബഹുഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളിലും , വന്‍ ഭൂരിപക്ഷത്തിനാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2019- ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിക്കാണ്, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കണക്ക് തീര്‍ത്തിരുന്നത്. ഈ കണക്കുകള്‍ പ്രകാരം , 2019-ല്‍ നഷ്ടപ്പെട്ട പാലക്കാട് , ആലത്തൂര്‍ ലോകസഭ സീറ്റുകള്‍ തിരികെ പിടിക്കാന്‍ കഴിയുമെന്നാണ് സി.പി.എം വിലയിരുത്തുന്നത്. അതിനുള്ള സാധ്യതയാകട്ടെ കൂടുതലുമാണ്.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കണ്ട് , കേരളം നല്‍കിയ വോട്ടിന്റെ കരുത്തിലാണ് , 20-ല്‍ 19 സീറ്റുകളും യു.ഡി.എഫ് തൂത്തു വാരിയിരുന്നത്. ആ കൊടുംകാറ്റിനെ പിടിച്ചു നിര്‍ത്താന്‍ , പാലക്കാടന്‍ കാറ്റിനു കഴിഞ്ഞില്ലന്നതാണ് യാഥാര്‍ത്ഥ്യം. രാഹുലിന്റെ വയനാട്ടിലെ മത്സരവും , വോട്ടര്‍മാരെ ഏറെ സ്വാധീനിച്ച ഘടകമാണ്. എന്നാല്‍ , ഇപ്പോഴത്തെ അവസ്ഥ അതല്ല. രാഹുല്‍ ഗാന്ധിയല്ല , പ്രിയങ്ക ഗാന്ധി മത്സരിച്ചാലും , കഴിഞ്ഞ തവണ ഉണ്ടായ തരംഗം കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നില്ല. അക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കു പോലും സംശയം ഉണ്ടാകുമെന്ന് തോന്നുന്നില്ല. രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ്സിനും സകല ഇമേജും നഷ്ടമായിരിക്കുകയാണ്.

ദിവസവും കോണ്‍ഗ്രസ്സിന്റെ മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ , കോണ്‍ഗ്രസ്സ് വിട്ടുപോകുന്ന വാര്‍ത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാക്കളാണ് കോണ്‍ഗ്രസ്സിനോട് ഗുഡ് ബൈ പറഞ്ഞിരിക്കുന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ആകട്ടെ , എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടി വിടുമെന്ന അവസ്ഥയിലുമാണുള്ളത്. ലോകസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ , കോണ്‍ഗ്രസ്സില്‍ നിന്നും മറ്റു പാര്‍ട്ടികളിലേക്കുള്ള ഒഴുക്ക് കൂടാനാണ് സാധ്യത. ഇത്തരമൊരു പ്രതികൂല സാഹചര്യത്തില്‍ , കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ പോലും , ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിനു കിട്ടുമോ എന്നതും , കണ്ടറിയേണ്ട കാര്യമാണ്.

2019-ല്‍..’ കോണ്‍ഗ്രസ്സിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നല്‍കിയ സംസ്ഥാനം കേരളമാണ്. ആ സീറ്റുകളില്‍ പകുതിപോലും , ഇത്തവണ ലഭിക്കാന്‍ സാധ്യതയില്ല. ഇടതുപക്ഷം പിടിമുറുക്കിയതും , നിലവിലെ രാഷ്ട്രീയ സാഹചര്യവും , പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നവുമെല്ലാം , കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും യു.ഡി.എഫിന് നഷ്ടമാകുന്ന ആദ്യ സീറ്റുകളില്‍ പാലക്കാടും , ആലത്തൂരും ഉള്‍പ്പെടുമെന്നാണ് , ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതായത് പാലക്കാട് ജില്ലയില്‍ , സമ്പൂര്‍ണ്ണ ആധിപത്യമാണ് ഇടതുപക്ഷത്തിന് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മലപ്പുറം , എറണാകുളം , തിരുവനന്തപുരം മണ്ഡലങ്ങള്‍ ഒഴികെ , ബാക്കിയുള്ള 17 മണ്ഡലങ്ങളിലും ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുക. ഭൂരിപക്ഷ മണ്ഡലങ്ങളിലും അട്ടിമറി വിജയം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ , ഇപ്പോള്‍ തന്നെ ഇടതുപക്ഷം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഓന്നോ രണ്ടോ മണ്ഡലങ്ങളില്‍ ഒഴികെ , മറ്റെല്ലായിടത്തും പഴയ മുഖങ്ങളെ തന്നെയാണ് യു.ഡി.എഫ് അവതരിപ്പിക്കുക എന്നത് , ഇടതുപക്ഷത്തിന്റെ പ്രതീക്ഷകളെ വര്‍ദ്ധിപ്പിക്കുന്ന ഘടകമാണെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. ഇടതു അണികളും , വളരെ സജീവമായാണ് കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. ഇടതുപക്ഷത്തിനു പുറമെ , പൊന്നാനിയും മലപ്പുറവും കേന്ദ്രീകരിച്ച് മുസ്ലിംലീഗും , തൃശൂരും തിരുവനന്തപുരവും കേന്ദ്രീകരിച്ച് ബി.ജെ.പിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. തൃശൂരിലെ ശക്തമായ ത്രികോണ മത്സരം , ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. പൊന്നാനിയിലും ഇടതുപക്ഷം വലിയഅട്ടിമറി വിജയമാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ , മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി , ശക്തമായ പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. അതാകട്ടെ , വ്യക്തവുമാണ്.

EXPRESS KERALA VIEW

Top