തിരുവനന്തപുരം: സര്‍വകലാശാല നിയമങ്ങളെ നിഷേധിക്കുന്ന കേരള സര്‍വ്വകലാശാല വി സി മോഹനന്‍ കുന്നുമ്മല്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് തെളിയിച്ചിരിക്കുന്നതായി സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആരോപണം. അഡ്വ. ജി മുരളീധരന്‍, ഡോ. ഷിജൂഖാന്‍, മുന്‍ എംഎല്‍എ ആര്‍ രാജേഷ്, ഡോ. എസ് ജയന്‍ എന്നിവര്‍ സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേരള സര്‍വ്വകലാശാലയുടെ പ്രോ-ചാന്‍സിലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിയ്‌ക്കെതിരെ വിസി മോഹനന്‍ കുന്നുമ്മല്‍ നടത്തുന്ന പ്രചരണം നിയമവിരുദ്ധവും അധാര്‍മ്മികവുമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. സെനറ്റ് യോഗത്തെ സംബന്ധിച്ച് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് വിസി പ്രചരിപ്പിക്കുന്നത്. സെനറ്റിനെ സംബന്ധിച്ച് വിസി ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത് സിന്‍ഡിക്കേറ്റിന്റെ അംഗീകാരം ഇല്ലാതെയാണ്. ഈ റിപ്പോര്‍ട്ട് സര്‍വകലാശാലയുടേതല്ല. ദിവസങ്ങള്‍ക്ക് മുമ്പ് ചാന്‍സിലറുടെ ഓഫീസില്‍ നോമിനികളായ സെനറ്റ് മെമ്പറന്മാരും വിസിയും നിയമവിരുദ്ധ യോഗം ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
‘സര്‍വകലാശാല നിയമപ്രകാരം പ്രോ-ചാന്‍സിലര്‍ സ്വീകരിച്ച നടപടികളെ വൈസ്ചാന്‍സിലര്‍ പരസ്യമായി വെല്ലുവിളിക്കുന്നത് നിയമവിരുദ്ധമാണ്. സെനറ്റ് യോഗത്തില്‍ ആദ്യാവസാനം പങ്കെടുക്കുകയും തന്റെ തെറ്റായ ഇംഗിതത്തിന് സെനറ്റിന്റെ അനുമതി ലഭ്യമാകാതിരിക്കുകയും ചെയ്തപ്പോള്‍ വിസിയുടെ സമനില തെറ്റിയിരിക്കുകയാണെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞു. സെനറ്റ് യോഗം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടതിനുശേഷമുള്ള വിസിയുടെ നിലപാട് സര്‍വകലാശാല നിയമത്തോടുള്ള നിഷേധമാണ്. മോഹനന്‍ കുന്നുമ്മല്‍ ആരുടെ കയ്യിലെ പകിടയാണെന്ന് കേരളത്തിലെ പൊതുസമൂഹത്തിന് നന്നായി അറിയാം. ഏറെക്കാലമായി ഈ സര്‍വ്വകലാശാലയെ തകര്‍ക്കാനായി സര്‍വ്വകലാശാലയുടെ ശത്രുക്കള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് അദ്ദേഹവും കൂട്ടുചേര്‍ന്നിരിക്കുന്നു. സര്‍വകലാശാല നിയമത്തെ നിഷേധിക്കുന്ന വിസി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല എന്ന് തെളിഞ്ഞിരിക്കുന്നു’, പ്രസ്താവനയില്‍ പറയുന്നു.
ചാന്‍സിലറുടെ നിര്‍ദ്ദേശപ്രകാരം ഫെബ്രുവരി 16 ന് സെനറ്റ് യോഗം വിളിക്കാന്‍ അംഗങ്ങള്‍ക്ക് കത്ത് നല്‍കിയത് രജിസ്ട്രാര്‍ ആണ്. വിസി അല്ല സെനറ്റ് യോഗത്തിന് അംഗങ്ങളെ ക്ഷണിച്ച് കത്ത് നല്‍കിയത്. സര്‍വകലാശാല ആക്റ്റ് ചാപ്റ്റര്‍ നാലില്‍ സെക്ഷന്‍ 17 പ്രകാരം സെനറ്റില്‍ ചാന്‍സിലര്‍ കഴിഞ്ഞാല്‍ പ്രോ-ചാന്‍സിലറാണ് തൊട്ടടുത്ത പദവിയെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. സര്‍വകലാശാല പദവികളുടെ ലിസ്റ്റിലും സെനറ്റിലും (1) ചാന്‍സിലര്‍ (2 ) പ്രോ-ചാന്‍സിലര്‍ (3) വൈസ് ചാന്‍സിലര്‍ ഇപ്രകാരമാണ് പ്രോട്ടോകോള്‍. സെനറ്റ് യോഗത്തിന്റെ അദ്ധ്യക്ഷത വഹിക്കാന്‍ നിയമപ്രകാരം പ്രോ-ചാന്‍സിലര്‍ക്ക് അധികാരമുണ്ട്. പ്രോ-ചാന്‍സിലര്‍ ഉള്ളപ്പോള്‍ വിസി യാണ് അദ്ധ്യക്ഷത വഹിക്കേണ്ടതെന്ന മോഹനന്‍ കുന്നുമ്മലിന്റെ വാദം നിയമപരമല്ല. അല്പപന്മാരുടെ നിലവാരത്തിലേക്ക് മോഹനന്‍ കുന്നുമ്മല്‍ തരം താഴരുതെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞു.