കോഴിക്കോട്ടെ കാലുമാറി ശസ്ത്രക്രിയ; പൊലീസ് ഡോക്ടറെ പ്രതിയാക്കി കേസെടുത്തു

കോഴിക്കോട്: കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കോഴിക്കോട്ടെ നാഷണൽ ആശുപത്രിക്ക് എതിരായ പരാതിയില്‍ പൊലീസ് കേസെടുത്തു. ഡോക്ടർ പി. ബെഹിർഷാനെ പ്രതിയാക്കിയാണ് കേസെടുത്തത്. അശ്രദ്ധമായി ചികിത്സിച്ചതിന് ഐപിസി 336 വകുപ്പ് പ്രകാരമാണ് കേസ്. തുടർ അന്വേഷണത്തിൽ മറ്റ് വകുപ്പുകൾ ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. പരിക്ക് പറ്റിയ ഇടത് കാലിന് പകരം 60 കാരിയുടെ വലത് കാലിനാണ് ഓര്‍ത്തോ വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ ചെയ്തത്. ബോധം തെളിഞ്ഞ ശേഷം രോഗി പറയുമ്പോഴാണ് ഗുരുതര പിഴവ് ഡോക്ടർ പോലും അറിഞ്ഞത്.

വാതിലിന് ഇടയിൽപ്പെട്ട് ഇടത് കണങ്കാലിന് ഗുരുതര പരിക്കു പറ്റിയ കക്കോടി സ്വദേശി സജ്ന കഴിഞ്ഞ ഒരു വർഷത്തിലധികമായി നാഷണൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി പി ബെഹിർഷാന്റെ ചികിത്സയിലാണ്. ശസ്ത്രക്രിയ നടത്തിയാൽ പരിക്ക് ഭേദമാകുമെന്ന് ഡോക്ടർ അറിയിച്ചു. തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയത്. സർജറി പൂർത്തിയായി രാവിലെ ബോധം തെളിപ്പോൾ സജ്ന തന്നെ ഞെട്ടി. പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലതുകാലിന് ശസ്ത്രക്രിയ നടത്തിയിരിക്കുന്നു. വലതുകാലിനും പരിക്ക് ഉണ്ടെന്ന് ബോധ്യപ്പെട്ടാണ് ശസ്ത്രക്രിയ ചെയ്തതെന്നായിരുന്നു ഡോക്ടറുടെ ആദ്യ വിശദീകരണം. എന്നാൽ സ്കാനിംഗ് റിപ്പോർട്ട് അടക്കം ആവശ്യപ്പെട്ടപ്പോൾ മറുപടി ഇല്ല. ബന്ധുക്കൾ വിശദീകരണം ചോദിപ്പോൾ മറുപടിയില്ലാതെ തലകുനിച്ച് ഇരിക്കുകയാണ് ഡോക്ടർ ചെയ്തത്.

Top