മോദിക്ക് സമ്മാനമായി മുതലയും പെരുമ്പാമ്പും; പാക്ക് ഗായികയ്‌ക്കെതിരെ നിയമനടപടി

ലഹോര്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുതലയെയും പെരുമ്പാമ്പിനെയും സമ്മാനമായി നല്‍കുമെന്ന് വീഡിയോ സന്ദേശം പ്രചരിപ്പിച്ച പാക്ക് ഗായികക്കെതിരെ നിയമ നടപടി. പാക്ക് പോപ് സ്റ്റാറും അവതാരകയുമായ റാബി പിര്‍സാദയ്‌ക്കെതിരെയാണ് പഞ്ചാബ് മൃഗസംരക്ഷണ വിഭാഗം അധികൃതര്‍ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

അനധികൃതമായി മൃഗങ്ങളെ കൈവശം വെച്ചതിനാണ് റാബി പിര്‍സാദയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നത്. മൃഗസംരക്ഷണ നിയമലംഘനത്തിന്റെ പേരില്‍ ഇവര്‍ക്കെതിരെ ലഹോര്‍ കോടതിയില്‍ മൃഗസംരക്ഷണ വിഭാഗം ചലാന്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ലഹോറിലെ ബ്യൂട്ടി പാര്‍ലറില്‍ റാബ് പിര്‍സാദയുടെ വളര്‍ത്തുമൃഗങ്ങളായ മുതലയെയും പെരുമ്പാമ്പുകളെയും ഉപയോഗിച്ചാണ് മോദിക്കെതിരെയുള്ള ഭീഷണി സന്ദേശം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്.

മുതല, നാല് കൂറ്റന്‍ പെരുമ്പാമ്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ജീവികളെ കയ്യില്‍ പിടിച്ചുകൊണ്ട് ഇവ മോദിക്കുള്ള പ്രത്യേക സമ്മാനങ്ങളാണെന്നും ഇവയുടെ ആഹാരമാകാന്‍ തയ്യാറാകൂ എന്നുമാണ് റാബി പിര്‍സാദ വീഡിയോയില്‍ പറയുന്നത്. താന്‍ ഒരു കശ്മീരി യുവതി ആണ്. കശ്മീരികള്‍ക്ക് വേണ്ട പരിഗണന നല്‍കാത്ത മോദിക്ക് വേണ്ടി തയ്യാറാക്കിയ സമ്മാനങ്ങളാണ് ഇവയെന്നും നരകത്തില്‍ പോകൂ എന്നുമാണ് റാബി പിര്‍സാദ വിവാദ വീഡിയോയില്‍ പറയുന്നത്.

Top