കൃത്രിമമായി നിര്‍മിക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റിലൂടെ പ്രചരിക്കാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞദിവസം വ്യാപകമായ വീഡിയോ ആണ് നടി രശ്മിക മന്ദാനയുടെ. ഈ വീഡിയോ ഉണ്ടാക്കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍.
ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോള്‍ത്തന്നെ ഇതിലെ സത്യാവസ്ഥ ആരാധകര്‍ അന്വേഷിച്ചുതുടങ്ങിയിരുന്നു. പിന്നാലെ ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച മോര്‍ഫ്ഡ് വീഡിയോ ആണിതെന്ന് പറഞ്ഞുകൊണ്ട് ചിലര്‍ രംഗത്തെത്തി.
രശ്മികയുടേതായി പ്രചരിച്ച വ്യാജ വീഡിയോയില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് അമിതാഭ് ബച്ചന്‍ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച ട്വീറ്റ് ഇന്ത്യയില്‍ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ കൃത്യമായ നിയന്ത്രണം വേണമെന്ന ആവശ്യമാണ് ഈ വിഷയത്തില്‍ അഭിഷേക് എന്ന മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റില്‍ പറയുന്നത്. നടി രശ്മികയുടെ ഒരു വൈറല്‍ വീഡിയോ എല്ലാവരുടേയും ശ്രദ്ധയില്‍പ്പെട്ടിരിക്കുമെന്നും ഇത് മറ്റൊരാളുടെ ഉടല്‍ ഉപയോഗിച്ചുകൊണ്ടുള്ള വ്യാജവീഡിയോ ആണെന്നും ഇദ്ദേഹം ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ അമിതാഭ് ബച്ചന്‍ നിയമനടപടി ആവശ്യപ്പെട്ടത്.