തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം. മുഖ്യമന്ത്രിക്കെതിരെ സ്വപ്നയെ കൊണ്ട് വ്യാജ മൊഴിക്ക് സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിലാണ് കേസെടുക്കാന്‍ നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നല്‍കിയത്.
കഴിഞ്ഞ ഒന്‍പതാം തിയ്യതിയാണ് ക്രൈം ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര സെക്രട്ടറി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ഇക്കാര്യത്തില്‍ നിയമോപദേശം തേടിയത്. ഇതിനെ തുടര്‍ന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ നിയമോപദേശം നല്‍കിയിരിക്കുന്നത്.
എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മുന്നോട്ട് പോകാമെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. ഗൂഢാലോചന ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം.