നിയമപ്രശ്‌നങ്ങള്‍ അവസാനിച്ചു; കുതിപ്പിന്റെ പാതയിലേക്ക് കൊച്ചി സ്മാര്‍ട്ട്‌സിറ്റി

തിരുവനന്തപുരം: കുതിപ്പിന്റെ പാതയിലേക്ക് വീണ്ടും കൊച്ചി സ്മാര്‍ട്ട്‌സിറ്റി പദ്ധതി.

രണ്ടാമതായി 200 കോടി രൂപ ചെലവില്‍ ഏഴു ലക്ഷം ചതുരശ്ര അടി വലുപ്പമുള്ള ഐടി കെട്ടിടം സ്മാര്‍ട്ട്‌സിറ്റിയില്‍ നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സ്മാര്‍ട്ട്‌സിറ്റി ബോര്‍ഡ് യോഗം തീരുമാനിച്ചു.

വിവിധ കോ–ഡവലപ്പര്‍മാരുമായി ചേര്‍ന്നു പ്രഖ്യാപിച്ച നിര്‍മ്മിതികള്‍ക്കു പുറമേയാണു കമ്പനി നേരിട്ടു പുതിയ ഐടി മന്ദിരം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

സ്മാര്‍ട്ട്‌സിറ്റിയുടെ പുതിയ പദ്ധതികള്‍ക്കായി പ്രമോട്ടര്‍മാരായ ദുബായ് ഹോള്‍ഡിങ് ചെയര്‍മാന്‍ അബ്ദുല്ല അഹമ്മദ് അല്‍ ഹബ്ബായ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം.

കരാറുകാരുമായുള്ള പ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധിയും മൂലം മന്ദഗതിയിലായ പദ്ധതി വേഗത്തിലാക്കാനാണ് യോഗത്തിന്റെ തീരുമാനം.

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ ഏറ്റെടുക്കാന്‍ വമ്പന്‍ കമ്പനികള്‍ രംഗത്തെത്തിയതോടെ പ്രമോട്ടര്‍മാരായ ദുബായ് ഹോള്‍ഡിങ് പ്രതിനിധികള്‍ ആത്മവിശ്വാസത്തിലാണ്.

ആദ്യഘട്ടത്തില്‍ കമ്പനി 6.5 ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള ഐടി കെട്ടിടം സ്വന്തമായി നിര്‍മ്മിച്ചിരുന്നു.ആദ്യ കെട്ടിടത്തില്‍ പാട്ടത്തിനു കൊടുക്കാവുന്ന 3.56 ലക്ഷം ചതുരശ്ര അടിയില്‍ 78 ശതമാനവും നല്‍കിക്കഴിഞ്ഞു.

50,000 ചതുരശ്ര അടി ‘ഏണ്‍സ്റ്റ് ആന്‍ഡ് യങ്’ കമ്പനിക്ക് നല്‍കാനുള്ള നിര്‍ദേശം യോഗത്തില്‍ അംഗീകരിച്ചു.സിംഗപ്പൂര്‍ ആസ്ഥാനമായ ‘ബര്‍ണാഡ് സ്‌കട്ടില്‍’ എന്ന കമ്പനിക്കു നാവിക സംബന്ധമായ സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍ യൂണിറ്റ് സ്ഥാപിക്കാന്‍ ഒരു ഏക്കര്‍ സ്ഥലം അനുവദിക്കാനും തീരുമാനമായി.

അതേസമയം കരാറുകാരുമായുള്ള നിയമപ്രശ്‌നങ്ങള്‍ അവസാനിച്ചതായും കമ്പനി പ്രതിനിധികള്‍ അറിയിച്ചു.നൈജീരിയയിലെ ലാഗോസ്, ദക്ഷിണ കൊറിയയിലെ സോള്‍ എന്നിവിടങ്ങളിലെ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ ദുബായ് ഹോള്‍ഡിങ് നേരത്തേ തീരുമാനിച്ചിരുന്നു.

Top