കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നിയമം; ബില്‍ ഉടനെന്ന് കെ.ടി.ജലീല്‍

കൊച്ചി: സംസ്ഥാനത്തെ കലാലയങ്ങളില്‍ സംഘടനാ പ്രവര്‍ത്തനത്തിന് നിയമം കൊണ്ടുവരുമെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍. കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിയമമാക്കാന്‍ ഉടന്‍ ബില്‍ കൊണ്ടുവരുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തന നിരോധനത്തിനെതിരെ എം. സ്വരാജും വി.ടി. ബല്‍റാമും നല്‍കിയ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയ ബോധമില്ലാതായാല്‍ അരാഷ്ട്രീയ വാദികള്‍ ഉണ്ടാകുമെന്ന് മറുപടിയില്‍ മന്ത്രി കെടി ജലീല്‍ പറഞ്ഞു.

കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമോപദേശം സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനു ശേഷമാകും തുടര്‍ നടപടി സ്വീകരിക്കുകയെന്നും മന്ത്രി വിശദമാക്കി.

കലാലയ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന പഠിപ്പ് മുടക്ക്, മാര്‍ച്ച്, ഘരാവോ എന്നിവ സ്‌കൂളുകളിലും കോളജുകളിലും നടത്തുന്നത് വിലക്കിയാണ് ഹൈക്കോടതി കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയത്. വിദ്യാര്‍ഥി രാഷ്ട്രീയം പഠനത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി വിവിധ മാനേജ്‌മെന്റുകളും രക്ഷാകര്‍തൃസംഘടനകളും സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഉത്തരവ്.

Top