ശ്രീലങ്കന്‍ ഇതിഹാസ പേസര്‍ ലസിത് മലിംഗ വിരമിച്ചു

കൊളംബോ: ശ്രീലങ്കന്‍ ഇതിഹാസ പേസര്‍ ലസിത് മലിംഗ വിരമിച്ചു. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് താരം അറിയിച്ചു. ക്രിക്കറ്റ് യാത്രയില്‍ തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച താരം യുവ താരങ്ങള്‍ക്ക് തന്റെ അനുഭവ സമ്പത്ത് പകര്‍ന്നുനല്‍കുമെന്നും വ്യക്തമാക്കി.

16 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനൊടുവിലാണ് 38കാരനായ മലിംഗ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും 2011ലും ഏകദിന ക്രിക്കറ്റില്‍ നിന്ന് 2019ലും വിരമിക്കല്‍ പ്രഖ്യാപിച്ച മലിംഗ ശ്രീലങ്കക്കായി മൂന്ന് ഫോര്‍മാറ്റിലുമായി 546 വിക്കറ്റുകള്‍ വീഴ്ത്തി. ഏകദിനങ്ങളില്‍ നിന്ന് വിരമിച്ചശേഷവും വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളില്‍ മലിംഗ സജീവമായിരുന്നു.

ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് മലിംഗ. അസാധാരണമായ ബൗളിംഗ് ആക്ഷനും കൃത്യതയാര്‍ന്ന യോര്‍ക്കറുകളും കൊണ്ട് ശ്രദ്ധേയനായ താരം പരിമിത ഓവര്‍ മത്സരങ്ങളിലാണ് കൂടുതല്‍ തിളങ്ങിയത്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും മികച്ച പരിമിത ഓവര്‍ ബൗളര്‍മാരില്‍ ഒരാളായും താരത്തെ കണക്കാക്കുന്നു. 2014 ടി20 ലോകകപ്പില്‍ ശ്രീലങ്കയെ ജേതാക്കളാക്കാനും താരത്തിനു സാധിച്ചു.

രാജ്യാന്തര ക്രിക്കറ്റില്‍ രണ്ട് തവണ തുടര്‍ച്ചയായ നാല് പന്തുകളില്‍ വിക്കറ്റിട്ട് ഡബിള്‍ ഹാട്രിക്ക് തികച്ച ഒരേയൊരു ബൗളറാണ് മലിംഗ. രണ്ട് ലോകകപ്പ് ഹാട്രിക്കുകള്‍ നേടിയ ഒരേയൊരു താരം, ഏകദിനത്തില്‍ മൂന്ന് ഹാട്രിക്കുകളുള്ള ഒരേയൊരു താരം, രാജ്യാന്തര ക്രിക്കറ്റില്‍ അഞ്ച് ഹാട്രിക്കുകള്‍ തികച്ച ആദ്യ താരം, രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവുമധികം ഹാട്രിക്കുകള്‍ ഉള്ള താരം എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍.

Top