മുംബൈ: ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരം ലിയാണ്ടര്‍ പേസ് ഗാര്‍ഹിക പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കോടതി. മുംബൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ലിയാണ്ടര്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. മുന്‍ പങ്കാളി റിയ പിള്ള നല്‍കിയ പരാതിയിലാണ് നടപടി. 2014 ലാണ് മോഡലും നടിയുമായ റിയ പിള്ള പേസിനെതിരെ ഗാര്‍ഹിക പീഡന കേസ് ഫയല്‍ ചെയ്തത്.
50,000 രൂപ മാസവാടകയും ഇരുവരും ഒന്നിച്ച് താമസിക്കുന്ന വീട്ടില്‍ നിന്ന് റിയ മാറുകയാണെങ്കില്‍ ഒരു ലക്ഷം രൂപ ജീവിതച്ചെലവും നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഗാര്‍ഹിക പീഡനം തെളിഞ്ഞതായും എന്നാല്‍ തുടര്‍ന്നും ഒന്നിച്ചു താമസിക്കുകയാണെങ്കില്‍ സാമ്പത്തിക സഹായം നല്‍കേണ്ടതില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
പേസിന്റെ ടെന്നിസ് കരിയര്‍ ഏകദേശം അവസാനിച്ചതായും അതിനാല്‍ റിയക്ക് ജീവിത ചെലവ് നല്‍കുന്നതിനൊപ്പം അദ്ദേഹത്തോട് വാടക വീട്ടില്‍ കഴിയാന്‍ നിര്‍ദേശിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോമള്‍ സിംഗ് രജ്പുത് ഈ മാസം ആദ്യം പുറപ്പെടുവിച്ച ഉത്തരവ് ബുധനാഴ്ചയാണ് ലഭ്യമായത്.
ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യയായ റിയ ആ ബന്ധം പരാജയമായതിനെ തുടര്‍ന്ന് പരസ്പര സമ്മതത്തോടെ വിവാഹമോചനം നടത്തിയതിന് ശേഷമാണ് പേസുമായുള്ള ബന്ധം ആരംഭിക്കുന്നത്. എന്നാല്‍ ഇതും പരാജയപ്പെടുകയായിരുന്നു.