ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗ് വരുന്നു; സെവാഗും യുവിയും ഹര്‍ഭജനും വീണ്ടും ഒരു ടീമില്‍

മസ്‌കറ്റ്: വീരേന്ദര്‍ സെവാഗും യുവ്‌രാജ് സിംഗും ഹര്‍ഭജന്‍ സിംഗും പത്താന്‍ സഹോദരന്മാരും അടങ്ങുന്ന ടീം ഇന്ത്യയെ ഒരിക്കല്‍ കൂടി കാണാന്‍ ആരാധകര്‍ക്ക് അവസരം. ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിന് ഈ മാസം 20ന് ഒമാനില്‍ തുടക്കമാകും. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനാണ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

വിരമിച്ച താരങ്ങള്‍ക്കുള്ള പ്രഥമ ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. വീരേന്ദര്‍ സെവാഗ്, യുവ്‌രാജ് സിംഗ്, ഹര്‍ഭജന്‍ സിംഗ് എന്നിവരെ മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ മഹാരാജ ടീം. ഇര്‍ഫാന്‍ പത്താനും യൂസഫ് പത്താനും പുറമെ ആര്‍പി സിംഗ്, നയന്‍ മോംഗിയ, ബദരീനാഥ്, മുനാഫ് പട്ടേല്‍ തുടങ്ങിയ താരങ്ങളാണ് ഇന്ത്യക്കായി ഇറങ്ങുക.

ഏഷ്യ ലയണ്‍സ് ടീമിനായി പാകിസ്ഥാന്റെയും ശ്രീലങ്കയുടെയും ഇതിഹാസ താരങ്ങള്‍ കളത്തിലിറങ്ങും. സനത് ജയസൂര്യ, ഷൊയ്ബ് അക്തര്‍, ഷാഹിദ് അഫ്രീദി, മുത്തയ്യ മുരളീധരന്‍, തിലകരത്‌നെ ദില്‍ഷന്‍, കമ്രാന്‍ അക്മല്‍, ചാമിന്ദ വാസ്, മിസ്ബ ഉള്‍ഹഖ്, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, മുഹമ്മദ് യൂസഫ്, ഉമര്‍ ഗുല്‍, ഉപുല്‍ തരംഗ തുടങ്ങിയവരാണ് ടീമിലുള്ളത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് രാജ്യങ്ങളിലെ അടക്കം പ്രധാന താരങ്ങളെ ഉള്‍പ്പെടുത്തി റെസ്റ്റ് ഓഫ് ദ വേള്‍ഡ് ടീമും ടൂര്‍ണമെന്റിനുണ്ട്.

Top