ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരങ്ങളാണ് കമല്‍ഹാസനും, മമ്മൂട്ടിയും, മോഹന്‍ലാലും. ഇവര്‍ ഒരു വേദിയില്‍ എത്തിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിരുവനന്തപുരത്ത് കേരളസര്‍ക്കാരിന്റെ കേരളീയം മേളയില്‍ വിശിഷ്ടാതിഥികളായിരുന്നു നടന്മാര്‍. കേരളപ്പിറവി ദിനത്തില്‍ മലയാളത്തനിമയില്‍ മുണ്ട് ധരിച്ചാണ് താരങ്ങളെത്തിയത്. ഇവര്‍ക്കൊപ്പം ഫ്രെയിമില്‍ മുന്‍നിരയിലിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്.
മുഖ്യമന്ത്രിക്കൊപ്പം തെന്നിന്ത്യന്‍ താരങ്ങള്‍ക്കൊപ്പം കലാ, സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നിരുന്നു. കേരളീയര്‍ ആയതില്‍ അഭിമാനിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ആ സന്തോഷം ലോകത്തോട് പങ്കുവെക്കാനുള്ള അവസരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എല്ലാ രംഗത്തും കേരളത്തിന് പ്രത്യേകതയുണ്ട്. ആര്‍ക്കും പിന്നില്‍ അല്ല കേരളീയര്‍ എന്ന ആത്മാഭിമാന പതാക ഉയര്‍ത്താന്‍ കഴിയണം.
നമ്മുടെ നേട്ടങ്ങള്‍ അര്‍ഹിക്കുന്ന വിധം ലോകം തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തെ ലോക സമക്ഷം അവതരിപ്പിക്കാനാണ് കേരളീയം പരിപാടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തരം ഉത്സവങ്ങളുടെ പേരില്‍ ചില നഗരങ്ങള്‍ ലോകത്ത് അറിയപെടുന്നുണ്ട്. ആ മാതൃക നമുക്ക് പിന്തുടരാമെന്നും കേരളീയത്തെ ലോക ബ്രാന്‍ഡാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ പല ഭാഗത്തെ വംശീയ സംഘര്‍ഷം തടയാനുള്ള ഒറ്റ മൂലിയാണ് ജാതി ഭേദം മത ദ്വേഷം ഇല്ലാതെ എല്ലാവരും ഒരുമിച്ചു കഴിയുന്ന കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളീയം ആഘോഷത്തിന്റെ ഭാഗമായി ദീപാലങ്കാരങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് തലസ്ഥാനനഗരി. ആഘോഷത്തിന് ദേശീയ അന്തര്‍ദേശീയ പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാറുകളുമുണ്ട്. ചുമര്‍ ചിത്രങ്ങളും ഇന്‍സ്റ്റലേഷനുകളും ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനങ്ങളും കേരളീയത്തിന് മാറ്റുകൂട്ടും. ശോഭനയടക്കമുള്ള പ്രമുഖരെത്തുന്ന കലാപരിപാടികളും കേരളീയത്തിന്റെ ഭാഗമായി നടക്കും. വ്യാപാരമേള. ചലച്ചിത്രമേള, പുഷ്പമേള തുടങ്ങിയവയും നടക്കും. കേരളീയത്തിനൊപ്പം നിയമസഭാമന്ദിരത്തില്‍ പുസ്തകോത്സവം നടക്കും.