തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിന് എതിരെ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഒരുങ്ങിയ സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. നിയമസഭ വിളിക്കാനുള്ള സാഹചര്യമെന്തെന്ന് ഗവര്‍ണര്‍ ആരാഞ്ഞു. നിലവില്‍ നിയമസഭ ചേരാനുള്ള അടിയന്തര സാഹചര്യമില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. നിയമസഭ ചേരാന്‍ ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയാണെങ്കില്‍ കൃഷി മന്ത്രിയോ ചീഫ് സെക്രട്ടറിയോ ഗവര്‍ണറെ കാണുമെന്നാണ് വിവരം.
കേന്ദ്ര കാര്‍ഷിക നിയമഭേദഗതി നാളെ സംസ്ഥാന നിയമസഭ തള്ളുമെന്നായിരുന്നു വിവരം. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം നാളെ ചേരാനാണ് ഒരുങ്ങിയത്. ഒരു മണിക്കൂര്‍ ചേരുന്ന സമ്മേളനത്തില്‍ സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കു പുറമേ കക്ഷി നേതാക്കളും മാത്രമാകും സംസാരിക്കുകയെന്നായിരുന്നു തീരുമാനം. പ്രമേയത്തെ എതിര്‍ക്കുമെന്ന് ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍ അറിയിച്ചിട്ടുണ്ട്.