നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ ഉണ്ടാകും;ഷാഫി പറമ്പില്‍

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. തോറ്റ സീറ്റുകള്‍ തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവിന് മുന്നോടിയായി നടന്ന കിസാന്‍ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ഷാഫി.

“നിയമസഭ തെരഞ്ഞെടുപ്പിന് പ്രവര്‍ത്തകരെ സജ്ജരാക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് ലക്ഷ്യം. മലമ്പുഴയിലെ സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ രേഖയുണ്ടാക്കും. യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് എത്ര പേര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നതിലും ധാരണയാകും” എംഎല്‍എ വിശദീകരിച്ചു.

കര്‍ഷക സമരത്തിന് പിന്തുണയായി നടത്തിയ യൂത്ത് കോണ്‍ഗ്രസിന്റെ കിസാന്‍ മാര്‍ച്ചില്‍ നൂറിലധികം ട്രാക്ടറുകളുമായാണ് പ്രവര്‍ത്തകര്‍ പങ്കെടുത്തത്. കുഴല്‍മന്ദത്ത് നിന്ന് തുടങ്ങി പാലക്കാട് നഗരത്തില്‍ സമാപിച്ച മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി.ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു.

Top