ഈ വർഷത്തെ ആദ്യ നിയമസഭാ സമ്മേളനം നാളെ മുതൽ മാർച്ച് 27 വരെ ചേരാൻ തീരുമാനിച്ചതായി സ്പീക്കർ എ.എൻ.ഷംസീർ അറിയിച്ചു. ബജറ്റ് ഫെബ്രുവരി 5ന് അവതരിപ്പിക്കും. ഓർഡിനൻസുകൾക്കു പകരമുള്ള മൂന്നെണ്ണം ഉൾപ്പെടെ എട്ടു ബില്ലുകൾ സമ്മേളന കാലയളവിൽ പരിഗണിക്കും. ഇപ്പോഴത്തെ ഷെഡ്യൂൾ പ്രകാരം ആകെ 32 ദിവസം സഭ ചേരും.
നാളെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു തുടക്കം. 29 മുതൽ 31 വരെ നന്ദി പ്രമേയത്തിലുള്ള ചർച്ച. അഞ്ചിനു ബജറ്റ് അവതരണം കഴിഞ്ഞാൽ 11 വരെ സഭയുണ്ടാകില്ല. 12 മുതൽ 14 വരെ ബജറ്റിൽ പൊതുചർച്ച. 15 മുതൽ 25 വരെ സബ്ജക്ട് കമ്മിറ്റി യോഗങ്ങൾ. 26 മുതൽ മാർച്ച് 20 വരെ ധനാഭ്യർഥന ചർച്ചകൾ. ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കും.
കെപിസിസിയുടെ സംസ്ഥാനതല ജാഥ 9നു ആരംഭിക്കുന്നതിനാൽ 12,13,14 തീയതികളിലെ സഭാ സമ്മേളനം മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം ഈ ഘട്ടത്തിൽ പരിഗണിച്ചിട്ടില്ലെന്നു സ്പീക്കർ പറഞ്ഞു. അതേസമയം, 6 മുതൽ 11 വരെ സഭയില്ല. കേന്ദ്രത്തിനെതിരെ ഡൽഹിയിൽ എൽഡിഎഫിന്റെ സമരം 8നാണ്. എന്നാൽ സമ്മേളനക്രമം തയാറാക്കിയപ്പോൾ ഈ സമരത്തിന്റെ തീയതി പരിഗണിച്ചില്ലെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം.