നിയമസഭാ കയ്യാങ്കളി കേസ്: പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: വിവാദമായ നിയമസഭാ കയ്യാങ്കളി കേസില്‍ മുന്‍ കോണ്‍ഗ്രസ് എം എല്‍ എ മാര്‍ക്കെതിരെ പ്രത്യേക കേസെടുക്കാന്‍ തീരുമാനം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് നടപടി. തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പുതിയ പ്രതികളെ ചേര്‍ക്കേണ്ടെന്നാണ് നിയമോപദേശം പറയുന്നത്.

പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ക്രൈം ബ്രാഞ്ച് ഡിജിപിക്കാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാര്‍ക്കെതിരെ പ്രത്യേകം കേസെടുക്കുക. എംഎ വാഹിദ് , ശിവദാസന്‍ നായര്‍ എന്നിവര്‍ അടക്കം പുതിയ കേസില്‍ പ്രതികളാകും. ഇടത് വനിതാ എംഎല്‍എമാരെ തടഞ്ഞു വച്ച് കൈയേറ്റം ചെയ്തുവെന്നാണ് പരാതി. മുന്‍ വനിതാ എംഎല്‍എമാരാണ് കേസില്‍ പരാതിക്കാര്‍.

പുതിയ കേസെടുക്കുന്ന കാര്യം ഈ മാസം 21 ന് ക്രൈം ബ്രാഞ്ച് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിക്കും. കോണ്‍ഗ്രസ് എംഎല്‍എമാരെ പ്രതി ചേര്‍ത്തായിരുന്നു അന്വേഷണ സംഘം ക്രൈം ബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ നിയമോപദേശം തേടിയപ്പോഴാണ് പ്രത്യേക കേസെടുക്കാന്‍ നിര്‍ദ്ദേശം ലഭിച്ചത്.

Top