lenovo phab 2 google tango phone phablet phone tango technology

ലെനോവോയുടെ ഫാബ് 2 പ്രോ ടാംഗോ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തി. ചൈനീസ് കമ്പനിയായ ലെനോവോ പുറത്തിറക്കിയ ഫാബ്‌ലറ്റ് ഫോണിന് 29,990 രൂപയാണ് വില. ഓണ്‍ലൈന്‍ വില്‍പ്പനകേന്ദ്രമായ ഫ്‌ളിപ്കാര്‍ട്ട് വഴി വെള്ളിയാഴ്ച മുതല്‍ ഫാബ് 2 ഇന്ത്യയില്‍ ലഭ്യമായിതുടങ്ങി.

മൊബൈല്‍ ഫോണുകള്‍ക്ക് മെഷിന്‍ വിഷന്‍ നല്‍കാനായി ഗൂഗിളിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ടെക്‌നോളജി പ്ലാറ്റ്‌ഫോമിന്റെ പേരാണ് ടാംഗോ. ഇന്‍ഡോര്‍ നാവിഗേഷന്‍, 3ഡി മാപ്പിങ്, ഓഗ്‌മെന്റഡ് റിയാലിറ്റി എന്നീ നൂതനസാങ്കേതികവിദ്യകള്‍ സ്മാര്‍ട്ട്‌ഫോണിലും ഉപയോഗപ്പെടുത്തുക എന്നതാണ് പ്രോജക്ട് ടാംഗോ കൊണ്ട് ലക്ഷ്യമിടുന്നത്.

സ്മാര്‍ട്ട്‌ഫോണുകള്‍ ജിപിഎസിനെ ആശ്രയിക്കുമ്പോള്‍, ടാംഗോ ഫോണുകള്‍ കമ്പ്യൂട്ടര്‍ വിഷന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

ഓഗ്‌മെന്റഡ് റിയാലിറ്റി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗെയിമുകളും ഫോണില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ടാംഗോ പ്ലാറ്റ്‌ഫോമില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഗെയിമുകളും ആപ്ലിക്കേഷനുകളും ഫാബ് 2 പ്രോയില്‍ ഉപയോഗിക്കാം.

ടാംഗോ പ്രോജക്ട് ലാബില്‍ നിന്ന് പുറത്തിറങ്ങുന്ന ആദ്യ വാണിജ്യ ഉത്പന്നം എന്ന ബഹുമതിയോടെയാണ് ലെനോവോ ഫാബ് 2 പ്രോ ജനങ്ങളിലേക്കെത്തുന്നത്. ചുറ്റുമുളള പ്രദേശത്തിന്റെ ദൂരവും ആഴവുമളക്കാനായി പ്രത്യേക ഇന്‍ഫ്രാറെഡ് ക്യാമറയും സെന്‍സറുമൊക്കെ ഫോണിലുണ്ട്.

6.4 ഇഞ്ച് വലിപ്പമുളള ക്യുഎച്ച്ഡി ഡിസ്‌പ്ലേയാണ് ഫാബ് 2 പ്രോയിലുള്ളത്. റിസൊല്യൂഷന്‍ 1440X2560 പിക്‌സല്‍സ് ആണ്.

1.8 ഗിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രൊസസര്‍, നാല് ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയുണ്ട്. 16 മെഗാപിക്‌സല്‍ പിന്‍ക്യാമറയും എട്ട് മെഗാപിക്‌സല്‍ മുന്‍ക്യാമറയും കൂടാതെ ഇന്‍ഫ്രാറെഡ് ക്യാമറയും ഫോണിലുണ്ട്.

ഷാംപയ്ന്‍ ഗോള്‍ഡ് നിറത്തില്‍ മാത്രം ലഭ്യമായ ഫാബ് 2 പ്രോയില്‍ ഫാസ്റ്റ് ചാര്‍ജിങ് സംവിധാനത്തോടുകൂടിയ 4050 എംഎഎച്ച് ബാറ്ററിയാണുള്ളത്. തുടര്‍ച്ചയായ 15 മണിക്കൂര്‍ ബാറ്ററി ആയുസ്സ് കമ്പനി അവകാശപ്പെടുന്നു.

മികച്ച ശബ്ദസുഖത്തിനായി ഡോള്‍ബി അറ്റ്‌മോസ് ഓഡിയോ ടെക്‌നോളജിയും 3ഡി സൗണ്ട് റെക്കോഡിങിനായി ഡോള്‍ബി 5.1 ഓഡിയോ കാപ്ചറിങ് സംവിധാനവും ഫോണിലുണ്ട്. ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ ഭാരം 259 ഗ്രാം.

Top