ഇന്‍ട്രോ ഫൈറ്റ് രംഗങ്ങളോ പഞ്ച് ഡയലോഗുകളോ ഇന്‍ട്രോ ഗാനമോ ലിയോയില്‍ ഉണ്ടാകല്ല; ലോകേഷ് കനകരാജ്

വിജയ് ലോകേഷ് കൂട്ടുക്കെട്ടില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. ഒക്ടോബര്‍ 19 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സാധാരണ വിജയ് ചിത്രങ്ങളെ പോലെ ഇന്‍ട്രോ ഫൈറ്റ് രംഗങ്ങളോ പഞ്ച് ഡയലോഗുകളോ ഇന്‍ട്രോ ഗാനമോ ലിയോയില്‍ ഉണ്ടാകില്ലെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ പറഞ്ഞു്. യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലോകേഷ് സിനിമയെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ചത്. പത്ത് സിനിമകള്‍ ചെയ്ത ശേഷം സംവിധാനം എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്നും ലോകേഷ് അഭിമുഖത്തില്‍ വ്യക്തമാക്കി. സിനിമയെ കുറിച്ച് അമിത പ്രതീക്ഷവേണ്ടെന്നും ലോകേഷ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയിലറിനെ പരാമര്‍ശിച്ചായിരുന്നു ലോകേഷിന്റെ പ്രതികരണം.

ചിത്രത്തിലുള്ള സംഘട്ടന രംഗങ്ങളെല്ലാം വിജയ് ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ചെയ്തത്. നിര്‍ബന്ധിച്ചിട്ടും ചിത്രത്തില്‍ ഡ്യൂപ്പിനെ വെക്കാന്‍ വിജയ് സമ്മതിച്ചില്ലെന്നും ലോകേഷ് പറഞ്ഞു. അപകടസാധ്യതയുള്ള സംഘട്ടന രംഗങ്ങള്‍ ലിയോയില്‍ ധാരാളമുണ്ടായിട്ടും എല്ലാം വിജയ് സ്വന്തമായി ചെയ്യുകയായിരുന്നു. ‘വിജയ് അണ്ണന് അദ്ദേഹത്തിന്റെ കംഫര്‍ട്ട് സോണില്‍ തന്നെ തുടരാനായിരുന്നു താല്പര്യമെങ്കില്‍ ഈ പടം ചെയ്യാനായി എന്നെ വിളിക്കില്ലായിരുന്നു’ ലോകേഷ് അഭിപ്രായപ്പെട്ടു. ലിയോ പോലൊരു ‘ഡാര്‍ക്ക് ക്രൈം’ പടം അദ്ദേഹം ഏറ്റെടുക്കുമോ എന്നറിയില്ലായിരുന്നു. മൂന്ന് വര്‍ഷമെടുത്ത് തമ്മില്‍ ചര്‍ച്ച ചെയ്ത് നിര്‍മിച്ചതാണ് ലിയോയുടെ കഥ. വിജയ് ഇഷടപ്പെട്ട് ചെയ്ത സിനിമ കൂടിയാണ് ലിയോ എന്നും ലോകേഷ് വ്യക്തമാക്കി.

മൂന്നാറായിരുന്നു ആദ്യം മനസ്സില്‍ കണ്ട ലൊക്കേഷന്‍, എന്നാല്‍ മൂന്നാര്‍ പോലൊരു സ്ഥലത്തു വിജയ് എന്ന നടനെ വച്ച് കവലകളിലും റോഡിലും ഷൂട്ടിംഗ് നടത്തുന്നതിലുള്ള പരിമിതികള്‍ കണക്കിലെടുത്താണ് ലൊക്കേഷന്‍ മാറ്റാന്‍ തീരുമാനിച്ചതെന്നു ലോകേഷ് പറയുന്നു. തൃഷയ്ക്ക് ശബ്ദം നല്കാന്‍ ഏറ്റവും മികച്ചയാള്‍ ചിന്മയിയാണെന്ന് ഉറപ്പുണ്ടായിരുന്നത് കൊണ്ടാണ് സിനിമയിലേക്ക് അവരെ വിളിച്ചതെന്നും, ചിന്മയിയെ ചുറ്റിപ്പറ്റിയുള്ള മറ്റു വിവാദങ്ങളൊന്നും തന്നെ സംബന്ധിക്കുന്ന കാര്യമല്ലെന്നും, സിനിമ നന്നാക്കാന്‍ മാത്രമാണ് എല്ലാ ശ്രമങ്ങളെന്നും ലോകേഷ് വ്യക്തമാക്കി. ഏറെ ഇഷ്ടപ്പെട്ടും താല്പര്യത്തോടും കൂടിയാണ് ലോകേഷ് സിനിമ സംവിധാന മേഖലയിലേക്കെത്തിയത്. ഷോര്‍ട് ഫിലിം സംവിധാനം ചെയ്ത്, അതിനു ലഭിച്ച അംഗീകാരത്തിന്റെ ബലത്തിലാണ് സിനിമ സംവിധാന മേഖലയിലേക്ക് ലോകേഷ് എത്തുന്നത്.

ലിയോയ്ക്ക് വേണ്ടി കഴിഞ്ഞ ആറുമാസമായി വിശ്രമമില്ലാതെ ഷൂട്ടിങ്ങിലായിരുന്നു. ഇത്രയും ദൂരം വന്നല്ലോ എന്നോര്‍ക്കുമ്പോഴും ഇവിടെതന്നെ നിന്നുപോകുമോ എന്ന ഭയം എപ്പോഴും ഉള്ളിലുണ്ടെന്നും, 10 സിനിമകള്‍ നല്ലതുപോലെ സംവിധാനം ചെയ്യുക മാത്രമാണ് തനിക്കുണ്ടായിരുന്ന ലക്ഷ്യമെന്നും ലോകേഷ് വ്യക്തമാക്കുന്നത്.

Top