കോളിവുഡില്‍ വരാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് ലിയോ. വിക്രത്തിന്റെ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിനു ശേഷം വിജയ്‍യും ലോകേഷും ഒന്നിക്കുന്ന ചിത്രം, ഒപ്പം ഇത് എല്‍സിയുവിന്റെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ഭാഗമാകുമോ എന്ന ആകാംക്ഷ അങ്ങനെ ഈ ഹൈപ്പിന് കാരണങ്ങള്‍ പലതാണ്. പോസിറ്റീവ് അഭിപ്രായം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് കരുതപ്പെടുന്ന ചിത്രത്തിന്റെ ഹൈപ്പ് എത്രയെന്നതിന് തെളിവാകുന്ന ഒരു കണക്ക് ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. ചിത്രം നേടിയ ഓവര്‍സീസ് റൈറ്റ്സ് സംബന്ധിച്ച കണക്കാണ് ഇത്.
വിദേശ വിതരണാവകാശം വിറ്റ വകയില്‍ ചിത്രം 60 കോടി നേടിയതായാണ് കണക്കുകള്‍. പ്രമുഖ കമ്പനിയായ ഫാര്‍സ് ഫിലിം ആണ് റൈറ്റ് നേടിയത് എന്നാണ് വിവരം. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഓവര്‍സീസ് തുകയാണ് ഇത്. സമീപകാല തമിഴ് സിനിമയിലെ വലിയ ഹിറ്റുകളില്‍ ഒന്നായ പൊന്നിയിന്‍ സെല്‍വന്‍ നേടിയ ഓവര്‍സീസ് ഷെയര്‍ 60 കോടിയിലേറെ ആയിരുന്നു. ലോകേഷ് കനകരാജിന്റെ വിക്രം നേടിയത് 52 കോടിയോളവും.
#LEO – Overseas rights for the film have already been closed with just 50% of the shoot done👌 a value of 60 crores which is going to make it the HIGHEST EVER pre-release business for any Tamil film. Massive 🔥
— Siddarth Srinivas (@sidhuwrites) April 2, 2023
ഡിജിറ്റല്‍, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റ്സിന്റെ വില്‍പ്പന വഴിയും ചിത്രം വന്‍ തുക നേടുമെന്നാണ് കരുതപ്പെടുന്നത്. റിലീസിനു മുന്‍പു തന്നെ ചിത്രം 300 കോടിയോളം നേടിയാലും അത്ഭുതപ്പെടാനില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ചിത്രത്തില്‍ വിജയ്‍ക്കൊപ്പം എത്തുന്ന ഒന്‍പത് താരങ്ങളുടെ പേരുവിവരങ്ങള്‍ അണിയറക്കാര്‍ ഇതിനകം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് മാത്യു തോമസും ബാബു ആന്റണിയും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ഈ വര്‍ഷം ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.