തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കുന്ന ചിത്രം എന്ന നേട്ടം ഇനി വിജയ്-ലോകേഷ് കനഗരാജ് ചിത്രം ലിയോക്ക് സ്വന്തമാണ്. വിജയ് ആരാധകര്‍ അടക്കം വളരെ ആവേശത്തിലാണ്. ചിത്രം തിയേറ്ററില്‍ റിലീസാവുന്നതിന് മുന്‍മ്പ് തന്നെ പ്രീ ബുക്കിങ്ങ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയിരുന്നു.
ഷാരൂഖ് ചിത്രം ജവാനെ മറികടന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഓപണിംഗ് ആണ് ലിയോ നേടിയത്. 148.5 കോടി രൂപ. എന്നാല്‍ തമിഴ്‌നാട്ടിലെ തിയറ്റര്‍ ഉടമകള്‍ ചിത്രത്തിന്റെ കാര്യത്തില്‍ അസംതൃപ്തരാണ്. ചിത്രം തങ്ങള്‍ക്ക് ലാഭകരമല്ലെന്നാണ് തമിഴ്‌നാട് തിയറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തിരുപ്പൂര്‍ സുബ്രഹ്മണ്യം പറയുന്നത്.
ചിത്രത്തിന്റെ റിലീസിന് മുന്‍പുതന്നെ റെവന്യൂ ഷെയറിംഗ് സംബന്ധിച്ച് നിര്‍മ്മാതാവിനും തിയറ്റര്‍ ഉടമകള്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ തന്നെയാണ് ലിയോയുടെ തമിഴ്‌നാട്ടിലെ വിതരണവും നിര്‍വ്വഹിച്ചിരിക്കുന്നത്. തിയറ്റര്‍ ഉടമകള്‍ കളക്ഷന്റെ 80 ശതമാനം തങ്ങള്‍ക്ക് നല്‍കണമെന്നതായിരുന്നു കരാര്‍. ഇത്ര ഉയര്‍ന്ന ശതമാനം മുന്‍പ് മറ്റൊരു നിര്‍മ്മാതാവും ആവശ്യപ്പെടാതിരുന്നതാണ്. ഇതില്‍ പ്രതിഷേധിച്ച് തുടക്കത്തില്‍ ചിത്രം ബഹിഷ്‌കരിക്കാന്‍ ചെന്നൈയിലെ തിയറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ലിയോ റിലീസ് ചെയ്യാന്‍ തിയറ്റര്‍ ഉടമകള്‍ തയ്യാറായി. തമിഴ്‌നാട്ടില്‍ 850 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഉത്സവ സീസണില്‍ മറ്റ് ചിത്രങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ലിയോ പ്രദര്‍ശിപ്പിക്കാന്‍ തിയറ്റര്‍ ഉടമകള്‍ തയ്യാറാവേണ്ടിവരികയായിരുന്നെന്ന് തിരുപ്പൂര്‍ സുബ്രഹ്മണ്യം അഭിപ്രായപ്പെടുന്നത്.
‘ലിയോ ഞങ്ങള്‍ക്ക് ലാഭകരമല്ല. അവര്‍ വാങ്ങുന്ന ഉയര്‍ന്ന ഷെയര്‍ ആണ് കാരണം. തമിഴ്‌നാട്ടില്‍ മുന്‍പ് ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ളതാണ് ഇത്. പല തിയറ്റര്‍ ഉടമകളും ലിയോ പ്രദര്‍ശിപ്പിക്കാതിരുന്നത് ബോധപൂര്‍വ്വമെടുത്ത തീരുമാനത്താലാണ്. ഇത്രയും ഉയര്‍ന്ന ശതമാനത്തിലുള്ള ഷെയറിംഗ് തുടരുന്നപക്ഷം തിയറ്റര്‍ നടത്തിപ്പ് ദുഷ്‌കരമാവും’, തിരുപ്പൂര്‍ സുബ്രഹ്മണ്യം പറയുന്നു ലിയോയുടെ കേരളത്തിലെ റിലീസ് 60 ശതമാനം ഷെയര്‍ എന്ന കരാറിലാണെന്നതും തിരുപ്പൂര്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടുന്നു. ജയിലര്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് 70 ശതമാനമാണ് വാങ്ങിയതെന്നും ഇതുപോലും തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതാണെന്നും സുബ്രഹ്മണ്യം പറയുന്നു.
ചിത്രത്തിന്റെ പുറത്തെത്തുന്ന കളക്ഷന്‍ കണക്കുകളെയും തിരുപ്പൂര്‍ സുബ്രഹ്മണ്യം വിമര്‍ശിക്കുന്നുണ്ട്. ‘ലിയോയുടെ യഥാര്‍ഥ കളക്ഷന്‍ സംബന്ധിച്ച കണക്കെടുപ്പുകളൊന്നും നടക്കുന്നില്ല. നിര്‍മ്മാതാവ് ലളിത് കുമാര്‍ അദ്ദേഹത്തിന് തോന്നിയതുപോലെ ചില കണക്കുകള്‍ അവതരിപ്പിക്കുകയാണ്’. ഓണ്‍ലൈന്‍ ബുക്കിംഗില്‍ ചിത്രത്തിന്റെ അണിയറക്കാര്‍ തെറ്റിദ്ധരിപ്പിക്കല്‍ നടത്തുന്നുണ്ടെന്നും സുബ്രഹ്മണ്യം ആരോപിക്കുന്നു. ‘വിദേശ ലൊക്കേഷനുകളില്‍ വ്യാജ ബുക്കിംഗ് നടത്താന്‍ 5 കോടിയോളം അവര്‍ പോക്കറ്റില്‍ നിന്ന് മുടക്കുകയാണ്. എന്നിട്ട് അത് യഥാര്‍ഥ പ്രേക്ഷകര്‍ ബുക്ക് ചെയ്തതാണെന്ന് വിശ്വസിപ്പിക്കുന്നു’. വിജയ്‌യുടെ പ്രീതി പിടിച്ചുപറ്റാനാണ് നിര്‍മ്മാതാവ് ഇതെല്ലാം ചെയ്യുന്നതെന്നും തിരുപ്പൂര്‍ സുബ്രഹ്മണ്യം പറയുന്നു. നിര്‍മ്മാതാക്കള്‍ ഉയര്‍ന്ന ഷെയര്‍ ആവശ്യപ്പെടുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം സംഘടനയുടെ ജനറല്‍ ബോഡി യോഗം വിളിക്കുന്നുണ്ടെന്നും അദ്ദേഹം പരാമര്‍ശിച്ചു.