ലിയോ ആദ്യദിനത്തിൽ എത്ര നേടും: തമിഴകത്തെ പുതിയ റെക്കോർഡ് ആകുമെന്ന് പ്രവചനം

ചെന്നൈ : ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന വിജയ് ചിത്രം ലിയോ റിലീസ് ആയിരിക്കുകയാണ്. കേരളത്തില്‍ പുലര്‍ച്ചെ നാല് മണിക്കാണ് ലിയോ ഷോ ആരംഭിച്ചത്. തമിഴ്നാട്ടില്‍ രാവിലെ ഒന്‍പത് മണിക്കായിരുന്നു ആദ്യത്തെ ഷോ. ആദ്യഷോകള്‍ കഴിഞ്ഞതോടെ മിക്സ്ഡായ റിവ്യൂകള്‍ വരുന്നുണ്ടെങ്കിലും ചിത്രം ആദ്യദിനം വന്‍ കളക്ഷന്‍ തന്നെ നേടും എന്നാണ് സിനിമ ലോകത്തെ സംസാരം.

ഇൻഡസ്ട്രി ട്രാക്കർ സാക്നിൽകിന്റെ മുന്‍കൂര്‍ കണക്കുകള്‍ പ്രകാരം ലിയോ രാജ്യത്തുടനീളം ആദ്യ ദിനം 68 കോടി രൂപ നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ഓഗസ്റ്റിൽ റിലീസ് ചെയ്ത രജനികാന്തിന്റെ ജയിലർ ആദ്യദിനം 44.5 കോടി നേടിയിരുന്നു. അതായത് 2023 ലെ തമിഴ് സിനിമ ലോകത്തെ ഏറ്റവും വലിയ ഓപ്പണിംഗായിരിക്കും ലിയോയ്ക്ക് ലഭിക്കുക എന്ന് വ്യക്തം.

തമിഴ്നാട്ടിൽ ചിത്രം 32 കോടിയും കേരളത്തിൽ 12.50 കോടിയും ഗ്രോസ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആന്ധ്രാപ്രദേശ്-തെലങ്കാന ബെൽറ്റിൽ ലിയോ 17 കോടി ഗ്രോസ് നേടുമെന്ന് പ്രതീക്ഷിക്കുന്നു, കർണാടക കളക്ഷൻ ഏകദേശം 14.5 കോടി ഗ്രോസ് പ്രതീക്ഷിക്കുന്നു.

തമിഴ്‌നാട്ടിലാണ് ലിയോയ്ക്ക് ഏറ്റവും ഉയർന്ന ഒക്യൂപന്‍സി നിരക്ക് 86.35% . ചെന്നൈയിൽ ഏകദേശം 1176 പ്രദർശനങ്ങളാണ് വിജയ് ലോകേഷ് കനകരാജ് ചിത്രത്തിനുള്ളത്. മൊത്തത്തിൽ ആഗോള കളക്ഷന്‍ 100 കോടിയും കടക്കും എന്നാണ് സാക്നിൽകിന്റെ മുന്‍കൂര്‍ കണക്കുകള്‍ ചൂണ്ടികാണിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരു ചിത്രത്തിന് ഡബള്‍ ഡിജിറ്റ് ഓപ്പണിംഗ് പ്രവചിക്കപ്പെടുന്നത്.

ഈ വർഷത്തെ ഏറ്റവും വലിയ തമിഴ് റിലീസാണ് ലിയോ. എന്നാൽ ചിത്രം ഹിന്ദി ബെൽറ്റിൽ ചിത്രത്തിന് വലിയ വൈഡ് റിലീസ് ഇല്ല. ചിത്രത്തിന്റെ ഹിന്ദി ഒടിടി നേരത്തെ വിറ്റത് കാരണം ഉത്തരേന്ത്യയിലെ മൾട്ടിപ്ലക്സുകൾ ലിയോ റിലീസ് ചെയ്യില്ല.

ഈ വർഷം ആദ്യം പുറത്തിറങ്ങിയ വിജയ് ചിത്രം വാരിസ് അതിന്റെ ആദ്യദിനത്തില്‍ 26.5 കോടി രൂപ നേടിയിരുന്നു. ലോകമെമ്പാടുമുള്ള 297.55 കോടി ഗ്രോസ് നേടിയാണ് വാരിസ് അതിന്റെ ബോക്സ് ഓഫീസ് റൺ അവസാനിപ്പിച്ചത്.

Top