കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലിറങ്ങിയ പുലിയെ മയക്കുവെടിവച്ചു പിടിച്ചു. ഏഴുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ പിടിച്ചത്.
കണ്ണൂര്‍ തായത്തെരു റെയില്‍വേ ഗേറ്റിനു സമീപമിറങ്ങിയ പുലിയെ മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വച്ച് പിടികൂടിയത്. പിന്നീട് ഇതിനെ പ്രത്യേക കൂട്ടിലാക്കി.
ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെ തായത്തെരു റെയില്‍വേ ഗേറ്റിന് സമീപം കാണപ്പെട്ട പുലിയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റിരുന്നു. തായത്തെരു റെയില്‍വേ ഗേറ്റിനു സമീപം പുലിയിറങ്ങിയതിനെ തുടര്‍ന്ന് കണ്ണൂര്‍ കസാനക്കോട്ടയിലും പരിസരങ്ങളിലും ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവിയും കലക്ടറും സ്ഥലത്തെത്തിയിരുന്നു.
പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു ബംഗാളിക്കും രണ്ടു മലയാളികള്‍ക്കുമാണു പരുക്കേറ്റത്. ഒരാളെ വീടിനു മുന്നില്‍ വച്ചും മറ്റു രണ്ടു പേരെ പുലിയുണ്ടോ എന്നു പരിശോധിക്കാന്‍ പോയപ്പോഴുമാണ് പുലി ആക്രമിച്ചത്.
നാട്ടുകാര്‍ ഓടിക്കൂടി ബഹളം വച്ചതിനെ തുടര്‍ന്നു റയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറിയ പുലി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്കു മറയുകയായിരുന്നു.