ചെന്നൈ: റിലീസ് ചെയ്ത് 15ാം ദിവസം ലിയോയുടെ എച്ച്ഡി പ്രിന്റ് പൈറേറ്റഡ് വെബ്സൈറ്റുകളില്‍ ഓണ്‍ലൈനില്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമോ എന്നാണ് ഇപ്പോള്‍ ആശങ്ക ഉയര്‍ന്നിരിക്കുന്നത്. തമിഴ് റോക്കോഴ്‌സ് പോലുള്ള പൈറസി സംഘമാണ് ഇത്തരം ഒരു ലീക്കിന് പിന്നില്‍ എന്നാണ് സൂചന. വിജയ് നായകനായ ‘ലിയോ’ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. ‘മാസ്റ്ററി’നു ശേഷം സംവിധായകന്‍ ലോകേഷ് കനകരാജുമായി ദളപതിയുടെ രണ്ടാമത്തെ ചിത്രമാണിത്. 600 കോടിയിലേക്ക് കുതിക്കുകയാണ് ചിത്രം ഇപ്പോള്‍.
അണിയറക്കാര്‍ ചിത്രം ഓണ്‍ലൈനില്‍ നിന്നും നീക്കം ചെയ്യാനുള്ള തിരക്കിട്ട നീക്കത്തിലാണ് എന്നാണ് വിവരം. ചിത്രം റെക്കോഡ് തുകയ്ക്കാണ് നെറ്റ്ഫ്‌ലിക്‌സ് ഒടിടി സ്ട്രീമിംഗിനായി വാങ്ങിയിരിക്കുന്നത്. അതിനെ ബാധിക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്. നവംബര്‍ 15ന് ശേഷം ലിയോ ഒടിടി റിലീസ് ഉണ്ടാകും എന്നാണ് സൂചനകള്‍.
ലിയോ റിലീസായതിന് മണിക്കൂറുകള്‍ക്കുള്ളില്‍ ലിയോയുടെ പ്രിന്റ് നേരത്തെ ചോര്‍ന്നിരുന്നു. എന്നാല്‍ അത് ലിയോ സൈബര്‍ സംഘം വിജയകരമായി നീക്കം ചെയ്തിരുന്നു. ലിയോ റിലീസിന് തലേദിവസം നിര്‍മ്മാതാക്കള്‍ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് ചിത്രത്തിലെ ചില രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ഏതോ തിയറ്ററില്‍ നിന്ന് ചിത്രീകരിച്ച 9 സെക്കന്‍ഡും പത്ത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള രംഗങ്ങളാണ് എക്‌സില്‍ കാര്യമായി പ്രചരിച്ചത്. ഇതും വിജയകരമായി നീക്കം ചെയ്തിരുന്നു.
ലീക്ക്ഡ് വീഡിയോ പ്രചരിപ്പിക്കുന്ന എക്‌സ് ഹാന്‍ഡിലുകള്‍ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ ഇതിനെ പ്രതിരോധിക്കുന്നത്. ബ്ലോക്ക് എക്‌സ്, മാസ്ബങ്ക് ആന്റിപൈറസി തുടങ്ങിയ ആന്റി പൈറസി കമ്പനികള്‍ക്കാണ് ഇതിനായുള്ള ചുമതല നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നല്‍കിയിരിക്കുന്നത്.