തിരുവനന്തപുരം : സംസ്ഥാനത്ത് കുഷ്ഠരോഗവും അതുമൂലമുള്ള വൈകല്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും രോഗം ബാധിക്കുന്നവരില്‍ കുട്ടികളുമുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കുഷ്ഠരോഗത്തിന് ഫലപ്രദമായ ചികിത്സ കേരളത്തില്‍ ലഭ്യമാണ്. ചികിത്സ ഉറപ്പാക്കി രോഗവ്യാപനം തടയന്നുതിന് രോഗം തുടക്കത്തിലേ കണ്ടെത്തണം. ഇതിനായി രോഗബാധ കൂടുതലായി കാണുന്ന എട്ടു ജില്ലകളില്‍ ഡിസംബര്‍ അഞ്ചു മുതല്‍ രണ്ടാഴ്ച ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍ രോഗനിര്‍ണയ ക്യാംപെയ്ന്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.
വായു വഴിയാണ് കുഷ്ഠരോഗം പകരുന്നത്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചതിന് ശേഷം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ മൂന്നുമുതല്‍ അഞ്ചു വര്‍ഷം വരെയെടുക്കും. കുഷ്ഠരോഗത്തിന്റെ ഭാഗമായി വൈകല്യങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ മാത്രം ചികിത്സ തേടുന്ന സമീപനം മാറ്റണം. കുഷ്ഠരോഗ നിര്‍ണയ ക്യാംപെയ്‌ന്റെ ലക്ഷ്യം ഒളിഞ്ഞിരിക്കുന്ന രോഗികളെ കണ്ടുപിടിച്ച് ചികിത്സ നല്‍കുകയാണെന്നും മന്ത്രി പറഞ്ഞു.
കുഷ്ഠരോഗം മൂലമുള്ള വൈകല്യത്തിന്റെ ശതമാനം കൂടുതലായുള്ള തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ എട്ടു ജില്ലകളിലാണ് ക്യാംപെയിന്‍. ഒരു പുരുഷ വോളന്റിയറും ഒരു വനിതാ വോളന്റിയറും ഉള്‍പ്പെടുന്ന സംഘം ക്യാംപെയ്ന്‍ കാലയളവില്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് കുഷ്ഠരോഗ സമാനമായ ലക്ഷണമുള്ള ആളുകളെ കണ്ടെത്തി രോഗനിര്‍ണയത്തിനായി ആശുപത്രിയില്‍ പോകാന്‍ ഉപദേശിക്കും.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലെ വൈകല്യത്തോടുകൂടിയ കുഷ്ഠരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബ്‌ളോക്കുകളിലെ രോഗബാധിതരുടെ താമസസ്ഥലത്തിനു ചുറ്റുമുള്ള 300 വീടുകള്‍ സന്ദര്‍ശിച്ച് രോഗമില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഫോക്കസ്ഡ് ലെപ്രസി കാംപെയ്‌നും നടക്കും. ചികിത്സയുള്ള അസുഖത്തെ നാം പേറിനടക്കേണ്ട ആവശ്യമില്ലെന്നും കുഷ്ഠരോഗ നിയന്ത്രണത്തിനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.