ഇന്റേണല്‍ മാര്‍ക്കില്‍ കുറവ് ; ഫാര്‍മസി വിദ്യാര്‍ത്ഥി ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു

murder case

തിരുവല്ല: തിരുവല്ല പെരുംതുരുത്തിയിലെ സ്വകാര്യ ഫാര്‍മസി കോളേജിലെ വിദ്യാര്‍ത്ഥി കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.

ഹാറൂണ്‍ യൂസഫ് എന്ന വിദ്യാര്‍ത്ഥിയാണ് രാവിലെ ആത്മഹത്യയ്ക്കു ശ്രമിച്ചത്.

ഇതിനു പിന്നാലെ മറ്റു രണ്ടു വിദ്യാര്‍ഥികള്‍കൂടി അഞ്ചുനില കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.

എസ്എഫ്‌ഐ നേതാക്കളും, പൊലീസും, മാനേജ്‌മെന്റും ചേര്‍ന്നു നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പിന്നീട് താഴെയിറങ്ങി.

നിഖില്‍ ചന്ദ്രന്‍, അതുല്‍ എന്നീ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യാ ഭീഷണി മുഴക്കി കെട്ടിടത്തിനു മുകളില്‍ കയറിയത്.

മാനേജ്‌മെന്റും അധ്യാപകരും മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും, ഇന്റേണല്‍ മാര്‍ക്ക് അകാരണമായി കുറച്ചെന്നും, കോളേജില്‍ രാഷ്ട്രീയമായി സംഘടിക്കാന്‍ അനുവദിക്കുന്നില്ലെന്നും കാണിച്ചാണ് വിദ്യാര്‍ഥികളുടെ പരാതി. ഇക്കാര്യങ്ങള്‍ പറഞ്ഞ് ഹാറൂണും നിഖിലും ആത്മഹത്യാ കുറിപ്പെഴുതിയിട്ടുമുണ്ട്.

വിദ്യാര്‍ത്ഥികളുടെ കത്തില്‍ പരാമര്‍ശിക്കുന്ന അധ്യാപകരുടെ നടപടിയെപ്പറ്റി അന്വേഷിക്കും, ഇന്റേണല്‍ മാര്‍ക്ക് കുറച്ചത് അകാരണമായാണെങ്കില്‍ ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരേ നടപടിയെടുക്കും, കൈഞരമ്പു മുറിച്ച വിദ്യാര്‍ഥിയുടെ മൊഴിയെടുത്ത് അതില്‍ ആര്‍ക്കെങ്കിലും എതിരേ ആരോപണമുണ്ടെങ്കില്‍ നടപടിയെടുക്കും തുടങ്ങിയ ഉറപ്പുകള്‍ ലഭിച്ചതിനെ തുര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യയില്‍ നിന്നും പിന്തിരിഞ്ഞത്.

Top