ഹമാസ് ബന്ദികളാക്കിവരെയെല്ലാം മോചിപ്പിക്കട്ടെ, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അതിനുശേഷം; നടപടി കടുപ്പിച്ച് യു.എസ്

വാഷിങ്ടണ്‍: ഹമാസിനോടുള്ള നടപടി കടുപ്പിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. ഗാസയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചക നടക്കണമെങ്കില്‍ ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ഇസ്രയേലികളെയും മോചിപ്പിക്കണമെന്ന് ജോ ബൈഡന്‍ അറിയിച്ചു. വൈറ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബൈഡന്‍.

വെടിനിര്‍ത്തല്‍ ആവശ്യമാണ്. പക്ഷേ, അതിനുമുമ്പ് ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കട്ടെ. ശേഷം നമുക്ക് സംസാരിക്കാം എന്നാണ് ബൈഡന്‍ പറഞ്ഞത്. രണ്ട് ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചതായി ഇസ്രയേല്‍ സ്ഥിരീകരിച്ചതിനു പിന്നാലെയായിരുന്നു ബൈഡന്റെ പ്രസതാവന. നഹല്‍ ഓസില്‍ നിന്ന് തടവിലാക്കിയ നൂറിറ്റ് കൂപ്പര്‍, യോചെവെദ് ലിഫ്ഷിറ്റ്സ് എന്നിവരെയാണ് ഹമാസ് വിട്ടയച്ചത്. ഇവരുടെ ഭര്‍ത്താക്കന്മാരായ അമിറാം കൂപ്പര്‍, ഒദേദ് ലിഫ്ഷിറ്റ്സ് എന്നിവര്‍ നിലവില്‍ തടവിലാണ്. റഫ ബോര്‍ഡര്‍ വഴിയാണ് ഇരുവരേയും കൈമാറിയതെന്നാണ് വിവരം.

അതിനിടെ, ഗാസ മുനമ്പില്‍ ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഗാസയിലെ ജനവാസ മേഖലകളിലും ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലും ഇസ്രയേലിന്റെ ബോംബാക്രമണമുണ്ടായതായാണ് വിവരം. കരയുദ്ധം നടത്തുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈന്യം ഗാസയില്‍ പ്രവേശിച്ചതായി ഹമാസ് അറിയിച്ചത്. ഗാസയില്‍ പ്രവേശിച്ച ഇസ്രയേല്‍ സൈന്യവുമായി ഹമാസ് ഏറ്റുമുട്ടിയെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബന്ദികളെ നേരിട്ട് മോചിപ്പിക്കാനാണ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചതെന്നും സൂചനയുണ്ട്.

Top