തിരുവനന്തപുരം: സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും ലോകത്തിനുള്ള മാതൃകയാണ് കേരളമെന്ന് മമ്മൂട്ടി. ലോക സാഹോദര്യത്തിന്റെ വികാരമായി കേരളീയം മാറട്ടെ. ഞങ്ങളെ നോക്കി പഠിക്കൂ ഞങ്ങള്‍ ഒന്നാണ്, മതത്തിനും ജാതിക്കുമപ്പുറം ഞങ്ങളില്‍ സ്‌നേഹം മാത്രം. നമ്മളെല്ലാവരും കേരളീയരാണ്, മലയാളികളാണ് കൂടുതല്‍ പേരും മുണ്ടുടുക്കുന്നവരാണ്. കേരളം ഒന്നായി സ്വപ്നം കണ്ടതാണ് ഇപ്പോള്‍ നാം കാണുന്ന കേരളം. ഞങ്ങളുടെ ആശയങ്ങളും സങ്കല്‍പങ്ങളും ഒന്നാണ്. ലോകത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി കേരളം മാറട്ടെയെന്നും മമ്മൂട്ടി പറഞ്ഞു .
ആഗോള നിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യ രംഗത്തിലൂടെയും കേരളം മാതൃകയായി മാറിയെന്ന് നടന്‍ കമല്‍ ഹാസന്‍ പറഞ്ഞു. കേരളത്തിന്റെ പുരോഗതിയും സാംസ്‌കാരിക പാരമ്പര്യവും അവതരിപ്പിക്കുന്ന കേരളീയം മേളയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം മാതൃക സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും ഇതര സംസ്ഥാനങ്ങള്‍ക്ക് ഇവ പിന്തുടരാമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള കേരളത്തിലെ നേതൃത്വം വെറുതെയിരിക്കാന്‍ തയ്യാറല്ലെന്നും അവര്‍ പ്രയത്നം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹന്‍ ലാല്‍, ശോഭന തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. ഏഴ് ദിവസങ്ങളിലായി 44 ഇടങ്ങളില്‍ ആണ് കേരളീയം നടക്കുന്നത്. കല-സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യ മേളകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവ കേരളീയത്തിന്റെ ഭാഗമായി ഉണ്ടാകും.