മുംബയ്: അന്തരിച്ച ശിവസേന തലവന്‍ ബാല്‍ താക്കറെയെ അപായപ്പെടുത്താന്‍ പാകിസ്ഥാനിലെ ഭീകര സംഘടനയായ ലഷ്‌കറെ തയ്ബ ശ്രമിച്ചിരുന്നുവെന്ന് മുംബയ് ഭീകരാക്രമണ കേസില്‍ അമേരിക്കയില്‍ തടവില്‍ കഴിയുന്ന ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി വെളിപ്പെടുത്തി.
രണ്ടു തവണയാണ് താക്കറെയ്ക്കു നേരെ ആക്രമണം നടത്താന്‍ ശ്രമിച്ചതെന്നും ഹെഡ്‌ലി ഷിക്കാഗോയിലെ ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴി നല്‍കി.
ആദ്യ ആക്രമണ ശ്രമത്തിനിടെ ഒരാളെ പൊലീസ് പിടികൂടിയെങ്കിലും അയാള്‍ പിന്നീട് രക്ഷപ്പെട്ടു. ലഷ്‌കര്‍ ഭീകരന്‍ സാജിദ് മിര്‍ ആണ് താക്കറെയെ ലക്ഷ്യമിടാന്‍ തന്നോട് നിര്‍ദ്ദേശിച്ചതെന്നും ഹെഡ്‌ലി വെളിപ്പെടുത്തി.
കേസില്‍ മാപ്പു സാക്ഷിയാണ് ഹെഡ്‌ലി. നേരത്തെ, കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം ചോദ്യം ചെയ്തപ്പോഴും ഹെഡ്‌ലി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.
ലഷ്‌കറിന് വേണ്ടി താന്‍ ചെയ്ത ജോലിക്ക് പ്രതിഫലം കിട്ടിയിരുന്നില്ലെന്നും ഹെഡ്‌ലി പറഞ്ഞു. എന്നാ. താന്‍ ലഷ്‌കറിന് 70 ലക്ഷം പാകിസ്ഥാന്‍ രൂപ തരപ്പെടുത്തി കൊടുത്തുവെന്നും ഹെഡ്‌ലി അറിയിച്ചു.
തന്റെ പാകിസ്ഥാന്‍ സന്ദര്‍ശനം അമേരിക്ക സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ടെന്ന് ഹെഡ്‌ലി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. യു.എസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അതോറിട്ടിയാണ് (ഡി.ഇ.എ) പാകിസ്ഥാനിലേക്കുള്ള യാത്രാച്ചെലവ് വഹിച്ചത്.