ശ്രീഗനര്‍: പാക്ക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുന്നത് കാണാന്‍ വേണ്ടി രാജ്യത്തെ ജനങ്ങള്‍ പ്രാര്‍ഥനകള്‍ നടത്തണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജിതേന്ദ്ര സിങ്. രാജ്യത്തെ ജനങ്ങള്‍ മുസഫാറാബാദില്‍ (പാക്ക് അധീന കശ്മീരിന്റെ തലസ്ഥാനം) സ്വതന്ത്രമായി സന്ദര്‍ശനം നടത്തുന്നതു കാണാന്‍ വേണ്ടി നമുക്ക് പ്രാര്‍ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കശ്മിരീന്റെ പ്രത്യേക പദവി എടത്ത് കളഞ്ഞതിന് പിന്നാലെ രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയതും ആശയവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടുത്തിയതൊന്നും കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് നമ്മുടെ ജീവിതകാലത്തായത് ഞങ്ങളുടെയെല്ലാം ഭാഗ്യമാണ്. കാരണം, ഞങ്ങളുടെ മൂന്ന് തലമുറ ഇതിനായി ഏറെ ത്യാഗം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ വിവരിക്കുന്നതിനായി ജമ്മുവിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജിതേന്ദ്ര സിങ്.
ചരിത്രപരമായ ഈ നീക്കത്തിന് ശേഷം, പാക്കിസ്ഥാനില്‍ നിന്ന് അവരുടെ അധീനതയിലുള്ള കശ്മീരിനെ മോചിപ്പിക്കുകയും ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കുകയും വേണമെന്ന ക്രിയാത്മക ചിന്തയോടെ നമുക്ക് മുന്നോട് പോകാം. കശ്മീരില്‍ ചില നേതാക്കള്‍ മനഃപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. ചില നിര്‍ബന്ധിത കാരണങ്ങളാല്‍ സമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.