വിനായകന്‍ തെറ്റോ ശരിയോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ; ഉമ തോമസ്

വിനായകന്‍ തെറ്റോ ശരിയോ എന്നത് പൊലീസുകാരുടെ അധിപനായ മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്ന് തൃക്കാക്കര എംഎല്‍എ ഉമ തോമസ്. സിനിമയിലേതുപോലല്ല ജീവിതത്തില്‍ പെരുമാറേണ്ടതെന്നും എംഎല്‍എ പറഞ്ഞു.

സ്റ്റേഷനില്‍ വന്ന് ബഹളം വെക്കുന്നവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം കിട്ടിപോകാമെന്നുള്ളത് ശരിയല്ല. പോലീസ് വാഹനത്തില്‍ പോയ ഉദ്യോഗസ്ഥരോട് പൊലിസുകാര്‍ ആണോ എന്ന തിരക്കേണ്ട ആവശ്യമില്ല. അദ്ദേഹം ഒരു സെലിബ്രിറ്റി അല്ലെ ഒരുപാട് പേര്‍ അദ്ദേഹത്തെ വീക്ഷിക്കുന്നുവെന്നും ഉമാ തോമസ് അഭിപ്രായപ്പെട്ടു.

വിനായകന് സ്റ്റേഷന്‍ ജാമ്യം നല്‍കിയതില്‍ വിമര്‍ശനമുന്നയിച്ച് ഉമ തോമസ് ഫേസ് ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. സഖാവായത് കൊണ്ടാണോ വിനായകന് ഇളവെന്ന് ഉമ തോമസ് ചോദിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട സംഭവമായിരുന്നു. വിനായകന് ജാമ്യം നല്‍കാന്‍ ക്ലിഫ് ഹൗസില്‍ നിന്ന് നിര്‍ദേശമുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞിരുന്നു.

ജാമ്യമില്ലാത്ത വകുപ്പിട്ട് കേസെടുക്കേണ്ട സംഭവമായിരുന്നു നടന്നത്. പാര്‍ട്ടി ബന്ധമുണ്ടെങ്കില്‍ പൊലീസിടപെടല്‍ ഇങ്ങനെയാണ്. ലഹരി പരിശോധന ഫലത്തിന് പോലും കാത്ത് നില്‍ക്കാതെയാണ് വിനായകന് ജാമ്യം നല്‍കിയതെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.

Top