വിരമിക്കും മുമ്പ് യോഗി ആദിത്യനാഥിന് പൊലീസ് ഉദ്യോഗസ്ഥന്റെ കത്ത്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിരമിക്കുന്നതിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥന്റെ കത്ത്.

വിരമിക്കലിന് ശേഷം തനിക്ക് സര്‍ക്കാര്‍ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് സൂര്യകുമാര്‍ ശുക്ല എന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എഴുതിയ കത്താണ് പുറത്തായിരിക്കുന്നത്. തന്റെ ആവശ്യം അംഗീകരിച്ചാല്‍ ഭാവിയില്‍ ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തികാമെന്നും സൂര്യകുമാര്‍ ശുക്ല കത്തില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 31ന് വിരമിക്കുന്ന ശുക്ല ജൂലായ് 23നാണ് യോഗി ആദിത്യനാഥിന് കത്തയച്ചിരിക്കുന്നത്.

സംസ്ഥാന ആസൂത്രണ കമ്മിഷനിലോ മലിനീകരണ നിയന്ത്രണ ബോര്‍ഡിലോ തനിക്ക് സ്ഥാനം വേണമെന്നാണ് ശുക്ലയുടെ ആവശ്യം. അതേസമയം, കത്ത് സംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിക്കാനോ നിഷേധിക്കാനോ സൂര്യകുമാര്‍ തയാറായിട്ടില്ല. വിരമിച്ചതിന് ശേഷവും ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനായി ജോലി ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

നേരത്തെ, ലക്നൗ സര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെ രാമക്ഷേത്രം നിര്‍മ്മാണത്തിനായി മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് ശുക്ല വിവാദത്തിലായിട്ടുണ്ട്.

Top