Letter issue chennithala delhi

ന്യൂഡല്‍ഹി: കേരള ആഭ്യന്തരമന്ത്രിയുടെ പേരില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന് ‘വ്യാജ’ കത്തയച്ചത് സംബന്ധമായി ഹനുമാന്‍ സേന നല്‍കിയ പരാതിയില്‍ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്ന് ഡല്‍ഹി പൊലീസ്.

പരാതി ലഭിച്ചുവെന്ന് സ്ഥിതീകരിച്ച കമ്മീഷണര്‍ ഓഫീസ് കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ‘അയച്ച’ കത്ത് ഇക്കണോമിക്‌സ് ടൈംസാണ് പുറത്ത് വിട്ടിരുന്നത്.

എന്നാല്‍ സംഭവം വലിയ വിവാദമായതിനെ തുടര്‍ന്ന് മന്ത്രി തന്നെ താന്‍ ഇത്തരമൊരു കത്ത് അയച്ചിട്ടില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു.

കത്തിന്റെ കാര്യത്തില്‍ ‘ദുരൂഹത’ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഒപ്പിട്ട് വ്യാജ കത്തയച്ചത് ആരാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹനുമാന്‍സേന ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് കഴിഞ്ഞദിവസം രേഖാമൂലം പരാതി നല്‍കിയത്.

രാജ്യം മുഴുവന്‍ അധികാര പരിധിയുള്ള ഡല്‍ഹി പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നാണ് ആവശ്യം.

കോണ്‍ഗ്രസ് ഹൈക്കമാന്റിനയച്ച കത്താണ് പുറത്ത് വന്നത് എന്നതിനാലും വാര്‍ത്ത പുറത്ത് വിട്ടത് ഇക്കണോമിക്‌സ് ടൈംസ് ആയതിനാലും ഡല്‍ഹി പോലീസിന്റെ അധികാര പരിധിയില്‍പ്പെട്ട കാര്യമാണെന്ന് ഹനുമാന്‍ സേന സംസ്ഥാന ചെയര്‍മാന്‍ എ.എം ഭക്തവത്സലന്‍ വ്യക്തമാക്കി.

ഇതുസംബന്ധമായി മൊഴിനല്‍കാന്‍ ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടാല്‍ ഡല്‍ഹിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുകയാണെങ്കില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേയും അഹമ്മദ് പട്ടേല്‍ ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കളുടേയും മൊഴി രേഖപ്പെടുത്തേണ്ടി വരും.

കത്ത് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റാണോ എന്നും വ്യക്തമാവും.

രേഖാമൂലം പരാതി ലഭിച്ച സ്ഥിതിക്ക് ഐപിസി 468, 471, വകുപ്പുകളും ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകളും കൂട്ടി ചേര്‍ത്ത് കേസെടുക്കേണ്ടി വരുമെന്നാണ് നിയമവിദഗ്ധരുടെയും അഭിപ്രായം.

ഇ-മെയില്‍ വഴി കത്ത് ലഭിച്ചെന്ന് അനൗദ്യോഗികമായി കോണ്‍ഗ്രസ് ഹൈക്കമാന്റ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പരസ്യപ്രതികരണത്തിന് നേതൃത്വം മുതിര്‍ന്നിട്ടില്ല.

എന്നാല്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചാല്‍ ഹൈക്കമാന്റിനും നിലപാട് പരസ്യപ്പെടുത്തേണ്ടി വരും.

Top