തിരുവനന്തപുരം: താന്‍ നല്‍കിയ കത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുംവരെ കര്‍മ്മനിരതനാവാന്‍ ജേക്കബ് തോമസ്.
ആക്കുളത്ത് റോഡ് നിര്‍മ്മാണ ക്രമക്കോടുമായി ബന്ധപ്പെട്ട് പരിശോധനക്കെത്തിയ ജേക്കബ് തോമസ് കത്തിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘താന്‍ തന്റെ പണിയാണ് എടുക്കുന്നതെന്നാണ്’ വ്യക്തമാക്കിയത്.
വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടുപോകും. ഒരാള്‍ മാത്രമല്ല വിജിലന്‍സിനെ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ തല്‍സ്ഥാനത്ത് തുടരുമെന്ന വ്യക്തമായ സൂചനയാണ് അദ്ദേഹം നല്‍കിയത്.
അതേസമയം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് കത്ത് നല്‍കിയിട്ടും സര്‍ക്കാര്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോവുന്നത് പ്രതിപക്ഷത്തെ ഉന്നതരെയും ഐഎഎസ് ലോബിയേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ബാബുവിനെതിരായ കേസില്‍ കൂടുതല്‍ കുരുക്ക് മുറുകിയതും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിന്റെ വേഗത കൂടിയതുമാണ് ഒരു വിഭാഗത്തിന്റെ ചങ്കിടിപ്പിക്കുന്നത്.
ഒഴിവാക്കണമെന്ന് കത്ത് നല്‍കിയ പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ പകരം നിയമനം ഉണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു ഈ വിഭാഗം.