പുനഃസംഘടനയില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് കത്ത്

തിരുവനന്തപുരം: പുനഃസംഘടനയില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നല്‍കണമെന്ന് ആവശ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍ഭാരവാഹികള്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് നിവേദനം നല്‍കി. യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു ഉള്‍പ്പടെയുള്ള പോഷക സംഘടനകളുടെ നേതൃസ്ഥാനങ്ങളില്‍ പുതുമുഖങ്ങളെ നിയമിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കെ പി സി സി പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങ് കുറച്ചുകൂടി ശ്രദ്ധിച്ച് നടത്തേണ്ടതായിരുന്നുവെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. ആളുകളെ നിയന്ത്രിക്കാന്‍ പരമാവധി ശ്രമിച്ചു. കൊവിഡ് മാനദണ്ഡം ലംഘിച്ചാല്‍ കേസെടുക്കണം. കേസെടുത്തതിന് എതിരല്ല, പക്ഷേ ഏകപക്ഷിയമായി കേസെടുക്കരുതെന്നും വി ഡി സതീശന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന ചെന്നിത്തലയുടെ പരാമര്‍ശത്തിലും വി.ഡി സതീശന്‍ മറുപടി നല്‍കി. വിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധി ഘട്ടത്തിലും കൂടെയുണ്ടാവണമെന്നില്ല, അത് സാധാരണ കാര്യമാണെന്നാണ് സതീശന്‍ പറഞ്ഞത്. കൂടുതല്‍ കാര്യങ്ങള്‍ ചെന്നിത്തലയോട് തന്നെ ചോദിക്കണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

 

Top