Letterr issue in Chennithala and Ommen Chandy

ന്യൂഡല്‍ഹി: കേരള ആഭ്യന്തര മന്ത്രിയുടെ പേരില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന് അയച്ച കത്തിനെക്കുറിച്ച് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. ഡല്‍ഹി കമ്മീഷണര്‍ ബി എസ് ബസ്സിയാണ് ഇതു സംബന്ധമായ നിര്‍ദ്ദേശം നല്‍കിയത്.

ഹനുമാന്‍സേന സംസ്ഥാന ചെയര്‍മാന്‍ എ എം ഭക്തവത്സലനാണ് വിവാദ കത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹി കമ്മീഷണര്‍ ബി എസ് ബസ്സിക്ക് പരാതി നല്‍കിയിരുന്നത്. ഇക്കണോമിക്‌സ് ടൈസ്, ഇന്ത്യന്‍ എക്‌സ്പ്രസ് പത്രങ്ങളില്‍ വന്ന വാര്‍ത്തയുടെ പകര്‍പ്പും പരാതിയോടൊപ്പം അറ്റാച്ച് ചെയ്തിരുന്നു. Express Kerala യാണ് പരാതി സംബന്ധമായ വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്.

ആഭ്യന്തരമന്ത്രി തന്നെ താന്‍ ഇത്തരത്തിലൊരു കത്ത് അയച്ചിട്ടില്ലെന്ന് പറഞ്ഞ സ്ഥിതിക്ക് അത് അതീവ ഗൗരവമുള്ള കാര്യമാണെന്നും കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

രമേശ് ചെന്നിത്തലയുടെ ഒപ്പാണ് വിവാദ കത്തിലുള്ളതെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനാല്‍ പൊലീസ് കത്ത് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും, വാര്‍ത്ത പ്രസിദ്ധീകരിച്ച ഇക്കണോമിക്‌സ് ടൈംസിന്റെ ലേഖകനെ വിളിച്ച് വരുത്തി മൊഴിയെടുക്കുമെന്നുമാണ് ലഭിക്കുന്ന സൂചന.

ഇതിന് ശേഷം ഇ മെയില്‍ വഴി അയച്ച കത്തിന്റെ മറ്റ് ‘വിശദാംശങ്ങളിലേക്കും’ അന്വേഷണ സംഘം കടക്കും.

ഇത്തമൊരു കത്ത് കിട്ടിയിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് വ്യക്തമാക്കിട്ടുണ്ടെങ്കിലും ഡല്‍ഹി പൊലീസ് പിടിമുറുക്കിയാല്‍ അത് കോണ്‍ഗ്രസിനെ വെട്ടിലാക്കും.

കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലീസ് നടത്തുന്ന അന്വേഷണം ചെന്നിത്തലയ്ക്കും നിര്‍ണ്ണായകമാവും.

ഉന്നതതല അന്വേഷണം കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടപ്പോള്‍ അന്വേഷിക്കുമെന്ന് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഒരു അന്വേഷണവും ഇപ്പോള്‍ നടക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

നേതൃമാറ്റം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല തന്നെ അയച്ച കത്താണ് ഇതെന്നാണ് കോണ്‍ഗ്രസിലെ പ്രബല വിഭാഗം സംശയിക്കുന്നത്. എന്നാല്‍ കത്തിലെ ആശയത്തെ തള്ളിക്കളയാതിരുന്ന പ്രമുഖ ‘ഐ’ ഗ്രൂപ്പ് നേതാക്കള്‍ പക്ഷേ കത്ത് ചെന്നിത്തല അയച്ചതല്ലെന്നാണ് വാദിക്കുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്ന കത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിമരുന്നിട്ടിരുന്നത്.

രാജ്യം മുഴുവന്‍ അധികാര പരിധിയുള്ള ഡല്‍ഹി പൊലീസിന്റെ അന്വേഷണം കേരള രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കാനാണ് സാധ്യത. ‘വ്യാജ’ കത്തയച്ചത് ഇ മെയില്‍ വഴിയാണെന്ന് ഇതിനകം തന്നെ പുറത്തായതിനാല്‍ കത്ത് ആരയച്ചതാണെന്ന് കണ്ടെത്താനും, വിദ്ഗ്ധ പരിശോധനയിലൂടെ ഒപ്പിന്റെ സത്യാവസ്ഥ മനസിലാക്കാനും എളുപ്പം കഴിയും.

കേന്ദ്രസര്‍ക്കാരിന്റെ നേരിട്ട് നിയന്ത്രണത്തില്‍ വരുന്ന ഡല്‍ഹി പൊലീസ് നീക്കങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

Top