തന്റെ അസാധാരണമായ ഗോൾ അടി മികവ് ഈ സീസണിലും തുടർന്ന് റോബർട്ട് ലെവൻഡോസ്കി. നിലവിൽ ചാമ്പ്യൻസ് ലീഗിൽ നാലു മത്സരങ്ങളിൽ നിന്നു 8 ഗോളുകൾ ആണ് ബയേണിന്റെ പോളണ്ട് സൂപ്പർ താരം നേടിയത്. നിലവിൽ ചാമ്പ്യൻസ് ലീഗിലെ ടോപ്പ് സ്കോററും ലെവൻഡോസ്കിയാണ്. ചാമ്പ്യൻസ് ലീഗിൽ നൂറാം മത്സരം പൂർത്തിയാക്കിയ ലെവൻഡോസ്കി ഇത് വരെ 2011 നു ശേഷം ഡോർട്ട്മുണ്ടിനും ബയേണിനും ആയി നേടിയത് 81 ഗോളുകളും. ഇതിൽ കഴിഞ്ഞ 20 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നു മാത്രം 28 ഗോളുകൾ ആണ് പോളണ്ട് താരം അടിച്ചു കൂട്ടിയത്. കൂടാതെ 23 അസിസ്റ്റുകളും താരത്തിന് ഉണ്ട്. ഏറ്റവും വേഗത്തിൽ 80 ചാമ്പ്യൻസ് ലീഗ് ഗോളുകൾ പൂർത്തിയാക്കുന്ന താരമാവാനും ലെവൻഡോസ്കിക്ക് ആയി. ആദ്യത്തെ 100 കളികളിൽ നേടിയ ഗോളുകളുടെ എണ്ണത്തിൽ സാക്ഷാൽ ലയണൽ മെസ്സി, ക്രിസ്റ്റിയാനോ റൊണാൾഡോ എന്നിവർ പോലും ലെവൻഡോസ്കിക്ക് പിന്നിലാണ്. ആദ്യ 100 മത്സരങ്ങളിൽ നിന്നു 77 ഗോളുകൾ ആണ് മെസ്സി നേടിയത് എങ്കിൽ റൊണാൾഡോ 64 ഗോളുകൾ ആയിരുന്നു നേടിയത്.
മെസ്സി, റൊണാൾഡോ എന്നിവർ കഴിഞ്ഞാൽ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും ഗോൾ വേട്ടക്കാരനും ലെവൻഡോസ്കി തന്നെയാണ്. ഇന്ന് ബെൻഫികക്ക് എതിരെ സീസണിൽ രണ്ടാം ഹാട്രിക് നേടിയ ലെവൻഡോസ്കി ചാമ്പ്യൻസ് ലീഗിലെ തന്റെ നാലാം ഹാട്രിക് ആണ് ഇന്ന് നേടിയത്. 8 വീതം ഹാട്രിക് ചാമ്പ്യൻസ് ലീഗിൽ നേടിയ മെസ്സി, റൊണാൾഡോ എന്നിവർ കഴിഞ്ഞാൽ ഈ റെക്കോർഡിലും ലെവൻഡോസ്കി ആണ് മൂന്നാം സ്ഥാനത്ത്. 2020 തിൽ ബയേണിനു ഒപ്പം ചാമ്പ്യൻസ് ലീഗ് ജയിച്ച ലെവൻഡോസ്കി 100 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ പൂർത്തിയാക്കുന്ന 42 മത്തെ താരം കൂടിയാണ്. കഴിഞ്ഞ സീസണിലെ അതുഗ്രൻ ഗോളടി മികവ് ഇത്തവണയും തുടരുന്ന ലെവൻഡോസ്കി ചാമ്പ്യൻസ് ലീഗിൽ നാലു കളികളിൽ നിന്നു 8 ഗോളുകളും 10 ബുണ്ടസ് ലീഗ മത്സരങ്ങളിൽ നിന്നു 12 ഗോളുകളും അടക്കം ഇതിനകം തന്നെ 20 ഗോളുകൾ നേടിയിട്ടുണ്ട്