ജിഎക്‌സ് എസ്‍യുവിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ലെക്‌സസ്

കാത്തിരിപ്പിനൊടുവില്‍ മൂന്നാം തലമുറ ജിഎക്‌സ് എസ്‍യുവിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ലെക്‌സസ്. 2010ല്‍ ഇറങ്ങിയ രണ്ടാം തലമുറ ജിഎക്‌സ് എസ്‍യുവിയുടെ പിന്മുറക്കാരനെയാണ് ലെക്‌സസ് അവതരിപ്പിച്ചിരിക്കുന്നത്. ഇത്തവണ ഓഫ് റോഡ് വേരിയന്റുകളും ലെക്‌സസ് അവതരിപ്പിച്ചിട്ടുണ്ട്. വടക്കേ അമേരിക്കയില്‍ ആദ്യം പുറത്തിറങ്ങുന്ന ജിഎക്‌സ് 550 ടൊയോട്ട എല്‍സി 300ന്റേയും, എല്‍എക്‌സ് എസ്‍യുവിയുടേയും പ്ലാറ്റ്‌ഫോമിലാണ് ഇറങ്ങുക.

പരമ്പരാഗത ബോഡി ഓണ്‍ ഫ്രെയിമില്‍ ഏറ്റവും പുതിയ ടിഎന്‍ജിഎ എഫ് പ്ലാറ്റ്‌ഫോമിലാണ് ലെക്‌സസ് ജിഎക്‌സ് എസ്‍യുവി പുറത്തിറങ്ങുക. എല്‍എക്‌സ് എസ്‍യുവികളിലും ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 300ലുമെല്ലാം ഉപയോഗിച്ചിരിക്കുന്ന പ്ലാറ്റ്‌ഫോമാണിത്. വരും തലമുറ ടൊയോട്ട ഹൈലക്‌സിലും ഫോര്‍ച്യൂണര്‍ എസ്‍യുവിയിലും ഇതേ പ്ലാറ്റ്‌ഫോമാണ് ഉപയോഗിച്ചിരിക്കുന്നത്.

കൂടുതലായി ചെത്തി മിനുക്കിയ രൂപമാണ് ലെക്‌സസ് ജിഎക്‌സ് 550നുള്ളത്. ലെക്‌സസിന്റെ ശ്രദ്ധേയമായ ഗ്രില്ലെയും വാഹനത്തെ വ്യത്യസ്തവും മനോഹരവുമാക്കുന്നു. വിന്‍ഡ്ഷീല്‍ഡും വശങ്ങളിലെ ചില്ലുകളും മൊത്തത്തില്‍ മെലിഞ്ഞിട്ടുണ്ട്. നേര്‍രേഖയില്‍ തിരശ്ചീനമായ രേഖയിലുള്ളതാണ് ടെയില്‍ ലാംപുകള്‍. പിന്നിലെ വിന്‍ഡ്ഷീല്‍ഡും ടെയില്‍ഗേറ്റും ലെക്‌സസ് എല്‍എക്‌സിനോട് സാമ്യത പുലര്‍ത്തുന്നതാണ്.

ജിഎക്‌സ്550ന്റെ മൂന്നാം തലമുറയില്‍ രണ്ട് ഓഫ് റോഡ് മോഡലുകള്‍ കൂടി ലെക്‌സസ് അവതരിപ്പിച്ചിട്ടുണ്ട്. ഓവര്‍ട്രെയിലും ഓവര്‍ ട്രെയില്‍ പ്ലസും. ഇരുണ്ട നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവയാണ് ഓഫ് റോഡ് മോഡലുകള്‍. അലൂമിനിയം സ്‌കിഡ് പ്ലേറ്റും 18 ഇഞ്ച് വീലുകളും കനത്തിലുള്ള ടയറുകളും ഇവക്ക് നല്‍കിയിരിക്കുന്നു. ക്രൗള്‍ കണ്‍ട്രോള്‍, ഡൗണ്‍ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ത്രി ഡി മള്‍ട്ടി ടെറൈന്‍ മോണിറ്റര്‍, ഇലക്ട്രോണിക് കൈനറ്റിക് ഡൈനാമിക് സസ്‌പെന്‍ഷന്‍ എന്നിവയെല്ലാം വാഹനത്തിന്റെ ഓഫ് റോഡിംങ് അനുഭവം വര്‍ധിപ്പിക്കുന്നു. ഏറ്റവും ഉയര്‍ന്ന വേരിയന്റായ ലെക്‌സസ് ജിഎക്‌സ് 550 ഓവര്‍ട്രെയില്‍+ല്‍ മസാജ് സൗകര്യമുള്ള മികച്ച സീറ്റുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

പുറമേക്ക് പരുക്കനെങ്കിലും ലെക്‌സസ് ജിഎക്‌സ് എസ്‍യുവിയുടെ ഉള്‍ഭാഗം ആധുനിക സൗകര്യങ്ങളാല്‍ സമ്പന്നമാണ്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഡാഷ്‌ബോര്‍ഡിന്റെ നടുവിലായി 14 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റും വാഹനത്തിലുണ്ട്. ചില വേരിയന്റുകളില്‍ ഹെഡ് അപ്പ് ഓപ്ഷനും ലഭ്യമാണ്. സിക്‌സ് പാസഞ്ചര്‍ മോഡലില്‍ രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും സെവന്‍ പാസ്ഞ്ചര്‍ ലേ ഔട്ടില്‍ രണ്ടാം നിരയില്‍ ബെഞ്ച് സീറ്റുകളുമാണ് നല്‍കിയിരിക്കുന്നത്.

പുത്തന്‍ ജിഎക്‌സ് എസ്.യു.വിയുടെ 3.5 ലിറ്റര്‍ വി6 ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് എൻജിന് 349hp കരുത്തുണ്ട്. 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എഞ്ചിനുമായി ബന്ധിപ്പിച്ചിപിക്കുന്നത്. ഫോര്‍വീല്‍ ഡ്രൈവിനെ പിന്തുണക്കുന്ന ജിഎക്‌സ് എസ്.യു.വി വടക്കേ അമേരിക്കയിലും ആസ്‌ട്രേലിയയിലും ജപ്പാനിലുമാണ് ആദ്യം വില്‍പനക്കെത്തുക. ഡീസല്‍ വേരിയന്റ് അടക്കമുള്ളവ ഭാവിയില്‍ എത്തുമെന്ന് സൂചനകളുണ്ട്. ഇന്ത്യയിലും വൈകാതെ ജിഎക്‌സ് എസ്.യുവിയെ ലെക്‌സസ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

Top