വൈഫൈയേക്കാള്‍ 100 മടങ്ങ് വേഗതയുമായി ലൈഫൈ എത്തുന്നു. സെക്കന്‍ഡില്‍ 224 ജിബി ഡാറ്റയാണ് ലൈഫൈ വഴി ട്രാന്‍സ്മിറ്റ് ചെയ്യാനാകുക.
വൈഫൈയെ ഓര്‍മ്മയിലേക്ക് തള്ളാനുള്ള സാങ്കേതിക ശക്തിയുണ്ടെങ്കിലും ലൈഫൈ ഉടന്‍ തന്നെ പൂര്‍ണതോതില്‍ പ്രായോഗികമാക്കുക എന്നത് അത്ര എളുപ്പമല്ല.
വൈഫൈക്കനുസൃതമായാണ് നിലവിലുള്ള മിക്ക ജോലിസ്ഥലങ്ങളും വ്യാവസായിക സ്ഥാപനങ്ങളും രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നതുതന്നെയാണ് ഇതിനുള്ള പ്രധാന കാരണം. 2011ല്‍ എഡ്ബര്‍ഗ് സര്‍വ്വകലാശാലയിലെ ഹരാള്‍ഡ് ഹാസാണ് ലൈഫൈക്ക് രൂപം നല്‍കിയത്. ദൃശ്യമായ പ്രകാശത്തിലൂടെ ഡാറ്റ കൈമാറ്റം നടക്കുന്നുവെന്നതിനാല്‍ കൂടുതല്‍ സുരക്ഷ നല്‍കാനാകുമെന്നാണ് ലൈഫൈയെ ഏറ്റവും ആകര്‍ഷകമാക്കുന്ന ഘടകം.
400 മുതല്‍ 800 ടെറാഹെര്‍ട്‌സിലുള്ള പ്രകാശമാണ് ഡാറ്റ കൈമാറ്റത്തിന് ഉപയോഗിക്കുന്നത്. ബൈനറി കോഡിലുള്ള ഡാറ്റയുടെ പരമാവധി കൈമാറ്റ വേഗത സെക്കന്‍ഡില്‍ ഒരു ജിബിയാണ്. എസ്‌റ്റോണിയയിലെ വ്യവസായ സ്ഥാപനങ്ങളിലും ഓഫീസുകളിലും പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച് വിജയം കണ്ടെങ്കിലും നിലവിലുള്ള ഉപകരണങ്ങളില്‍ തന്നെ ലൈഫൈ ഉപയോഗ്യമാക്കാനുള്ള വഴികള്‍ തേടുകയാണ് ശാസ്ത്രജ്ഞര്‍. എന്തായാലും വിവര സാങ്കേതിതമേഖലയ്ക്ക് ഏറെ ഗുണം നല്‍കുന്നതാവും ലൈഫൈ.