തലശ്ശേരി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത് സിനിമ നിര്‍മാതാവും തിയറ്റര്‍ ഉടമയുമായ തലശ്ശേരി സ്വദേശി ലിബര്‍ട്ടി ബഷീറില്‍ നിന്ന്.
ലിബര്‍ട്ടി ബഷീര്‍ നല്‍കിയ വിവരങ്ങളാണ് ദിലീപിനെതിരായ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് വഴികാട്ടിയത്.
തിയറ്റര്‍ സമരവുമായി ബന്ധപ്പെട്ട് ലിബര്‍ട്ടി ബഷീറും ദിലീപും തമ്മിലുള്ള ഉടക്കാണ് നടിയെ ആക്രമിച്ച കേസില്‍ പൊലീസിന് തുണയായത്. ലിബര്‍ട്ടി ബഷീറിന്റെ സംഘടന കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ നെടുകെ പിളര്‍ത്തി തിയറ്റര്‍ അടച്ചിടല്‍ സമരം പൊളിച്ചത് ദിലീപാണ്. ഇതോടെ സിനിമാ രംഗത്ത് ലിബര്‍ട്ടി ബഷീര്‍ ഒറ്റപ്പെട്ടു.
ദിലീപിനെതിരായ വിവരങ്ങള്‍ തുറന്നുപറയാന്‍ സിനിമാക്കാരെല്ലാം മടിച്ചുനിന്നപ്പോള്‍ ബഷീര്‍ എല്ലാം തുറന്നുപറയുകയായിരുന്നു.
നടന്‍ മമ്മൂട്ടി ഇടപെട്ട് തടഞ്ഞില്ല എങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ യഥാര്‍ഥ പ്രതിയായ പ്രമുഖന്‍ തന്നെ കുടുങ്ങുമെന്ന് പരസ്യമായി ബഷീര്‍ പറഞ്ഞിരുന്നു.
പള്‍സര്‍ സുനിയുടെ വലംകൈയായി പ്രവര്‍ത്തിച്ച തലശ്ശേരി പൊന്ന്യം സ്വദേശി വി.പി. വിഗേഷില്‍ നിന്നും പൊലീസിന് സുപ്രധാന വിവരങ്ങള്‍ ലഭിച്ചു.
പള്‍സര്‍ സുനിക്കൊപ്പം പിടിയിലായ വി.പി. വിഗേഷ് കോളിളക്കം സൃഷ്ടിച്ച ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി വി.പി. സജിലേഷ് എന്ന സജൂട്ടിയുടെ സഹോദരനാണ്. വര്‍ഷങ്ങളായി വീടുവിട്ട് കൊച്ചി കേന്ദ്രീകരിച്ച് ഗുണ്ടാപ്രവര്‍ത്തനം നടത്തിവരുന്ന വിഗീഷിന് പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമാണുള്ളത്.
പ്രത്യേക അന്വേഷണ സംഘം തലശ്ശേരിയിലെത്തി വിഗീഷിനെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു.
നടിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് തലശ്ശേരിക്കാരനായ വിഗേഷില്‍ നിന്നുള്ള വിവരങ്ങളും ബഷീര്‍ വഴി തുടക്കത്തില്‍ പൊലീസിന് ലഭിച്ചു. എന്നാല്‍, പൊലീസിന് ഔദ്യോഗികമായി മൊഴിയൊന്നും നല്‍കിയിട്ടില്ലെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്.